കേരള സ്കൂൾ കായികോത്സവത്തിന് നാളെ കണ്ണൂരിൽ തുടക്കമാവും

Jaihind News Bureau
Friday, November 15, 2019

കേരള സ്കൂൾ കായികോത്സവത്തിന് നാളെ കണ്ണൂരിൽ തുടക്കമാവും. മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാലാ സ്റ്റേഡിയത്തിൽ നാളെ രാവിലെ ഏഴു മണിക്ക് ചാമ്പ്യൻഷിപ്പ് ആരംഭിക്കും. ഒൻപതുമണിക്ക് സ്റ്റേഡിയത്തിൽ പതാകയുയർത്തും. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനച്ചടങ്ങ്. കണ്ണൂർ ജില്ലക്കാരിയായ മുൻ ഒളിമ്പിക്സ് താരം ടിന്‍റു ലൂക്ക ദീപശിഖ തെളിക്കും.

16 വര്‍ഷത്തിനുശേഷമാണ്  കണ്ണൂർ കായികോത്സവത്തിന് വീണ്ടും വേദിയാകുന്നത്. ഇതിന് മുൻപ് 2003ല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു 47-ആമത് മീറ്റ് നടന്നത്.  ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് മാങ്ങാട്ടുപറമ്പ് സ്റ്റേഡിയം വേദിയാകുന്നത്.  അത്‌ലറ്റിക് ഫെഡറേഷന്‍റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് ട്രാക്കും സ്റ്റേഡിയവും മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 400 മീറ്ററുള്ള എട്ട് ട്രാക്കുകളാണ് സ്റ്റേഡിയത്തിലുള്ളത്. ലോങ് ജംപ് മത്സരങ്ങളുള്ള രണ്ട് പിറ്റുകളും റണ്ണിങ് ട്രാക്കുകളുമുണ്ട്.  സിന്തറ്റിക് ട്രാക്കിലെ ഫിനിഷിങ് പോയിന്‍റിൽ ഫോട്ടോ ഫിനിഷ് ക്യാമറ സ്ഥാപിക്കാനുള്ള പ്രത്യേക സ്റ്റാൻഡും ഒരുക്കിയിട്ടുണ്ട്.

ഹാമർ ത്രോ, ഷോട്ട്പുട്ട്, ജാവലിൻ ത്രോ തുടങ്ങിയ മത്സരങ്ങൾക്ക് സിന്തറ്റിക് ട്രാക്കിന് നടുവിലായി 105 മീറ്റർ നീളത്തിലുള്ള ത്രോ ഫീൽഡ് ഒരുക്കിട്ടുണ്ട്. ഹാമർ എറിയുന്നതിനുമുൻപ് താരങ്ങൾ വട്ടംചുറ്റുന്ന ഹാമർ റൊട്ടേഷൻ സർക്കിന്‍റെ നിർമാണം പൂർത്തിയായി. ഹാമർ സർക്കിളിനുസമീപത്തുതന്നെയാണ് ജാവലിൻ ത്രോ മത്സരങ്ങൾക്കുള്ള റണ്ണിങ് ട്രാക്കുള്ളത്. ഇതിന്റെ എതിർവശത്താണ് ഷോട്ട്പുട്ട് മത്സരങ്ങൾക്കുള്ള സർക്കിൾ ഒരുക്കിയിട്ടുള്ളത്. ത്രോയിനങ്ങൾ നടക്കുമ്പോൾ വേറെ മത്സരങ്ങൾ നടത്തില്ലെന്ന രീതിയിലാണ് മത്സരസമയം ക്രമീകരിച്ചിട്ടുള്ളത്. മൂവായിരം മീറ്റർ ഓട്ടമത്സരത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുക.

ട്രാക്കിനോടുചേർന്ന് 600 പേർക്കിരിക്കാനുള്ള ചെറിയ പവലിയൻ കൂടാതെ രണ്ട് താത്കാലിക ഗാലറികളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. ഹാമർ ത്രോ സർക്കിളിനടുത്ത് 600 പേർക്കിരിക്കാവുന്ന സ്ഥലത്ത് പന്തലിട്ട് സൗകര്യമൊരുക്കിട്ടുണ്ട്. കൂടാതെ ഷോട്ട്പുട്ട് സർക്കിളിനടുത്ത് 1000 പേർക്കിരിക്കുന്ന താത്കാലിക ഗാലറിയും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ട്രാക്കിനുചുറ്റുമുള്ള കമ്പിവേലിക്ക് പുറത്തുനിന്നും കാണികൾക്ക് മത്സരങ്ങൾ ആസ്വദിക്കാം. കേരളാ സ്കൂൾ കായികോത്സവത്തിന്‍റെ പ്രചരണാർത്ഥം വിളംബര ജാഥ നടത്തി. ജില്ലാ ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച് കാൽടെക്സ് ജംഗ്ഷനിൽ സമാപിച്ചു.