സംസ്ഥാന ചലച്ചിത്ര അവാർഡ് ; മികച്ച നടി അന്ന ബെന്‍ , നടന്‍ ജയസൂര്യ

Jaihind Webdesk
Saturday, October 16, 2021

തിരുവനന്തപുരം: 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ. അന്ന ബെൻ നടി. ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയുമാണ് കലാമൂല്യമുള്ള ചിത്രം. മൂന്നു മണിക്ക് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം. കപ്പേളയിലെ പ്രകടനം അന്നയെ പുരസ്‌കാരത്തിന് അർഹയാക്കി. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ. ജിയോ ബേബിയാണ് മികച്ച കഥാകൃത്ത്, ശ്രീരേഖ സ്വഭാവ നടി. സുധീഷ് സ്വഭാവനടൻ. മുഹമ്മദ് മുസ്തഫയാണ് മികച്ച നവാഗത സംവിധായകൻ.

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ സിനിമ. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുധീഷിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വെയിലിലെ അഭിനയത്തിനാണ് ശ്രീരേഖയ്ക്ക് പുരസ്‌കാരം. നിരഞ്ജൻ എസ് ആണ് മികച്ച ആൺ ബാല താരം. പെൺ ബാലതാരം അരവ്യ ശർമ്മ. ചിത്രം ബാർബി. സെന്ന ഹെഗ്‌ഡെ മികച്ച തിരക്കഥാകൃത്ത്.

ചന്ദ്രു സെൽവരാജ് (കയറ്റം) ആണ് മികച്ച ഛായാഗ്രാഹകൻ. മികച്ച ഗാനരചയിതാവ് അൻവർ അലി. ഭൂമിയിലെ മനോഹര സ്വാകാര്യത്തിലെ സ്മരണകൾ കാടായ്…, മാലികിനെ തീരമേ… തീരമേ… എന്നീ ഗാനങ്ങൾക്കാണ് പുരസ്‌കാരം. സൂഫിയും സുജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് ഗാനം ചിട്ടപ്പെടുത്തിയ എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ.

അന്തിമ പട്ടികയിൽ 30 സിനിമകൾ

30 സിനിമകളാണ് പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഏഴംഗ അന്തിമ ജൂറിയുടെ അധ്യക്ഷ. ആദ്യമായാണ് ദേശീയ മാതൃകയിൽ രണ്ടുതരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമകൾ വിലയിരുത്തുന്നത്. സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും അധ്യക്ഷൻമാരായ പ്രാഥമിക ജൂറികൾ തെരഞ്ഞെടുത്ത 30 സിനിമകളുടെ പട്ടിക സുഹാസിനി മണിരത്‌നം അധ്യക്ഷയായ അന്തിമ ജൂറിക്ക് കൈമാറിയിരുന്നു.

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവർ മികച്ച നടനാകാൻ മത്സരിച്ചപ്പോൾ ശോഭന, പാർവതി തിരുവോത്ത്, നിമിഷ സജയൻ, അന്ന ബെൻ, സംയുക്ത മേനോൻ എന്നിവരാണ് മികച്ച നടിക്കുള്ള അവാർഡിനായി രംഗത്തുണ്ടായിരുന്നത്. അന്തരിച്ച നെടുമുടി വേണു, അനിൽ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവരുടെ പേരുകളും വിവിധ വിഭാഗങ്ങളിൽ പരിഗണിച്ചിരുന്നു.

വെള്ളം, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും, കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവയാണ് മികച്ച സിനിമകളുടെ അന്തിമ പട്ടികയിലുള്ളത്. നാല് കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങൾ ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു.