നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ, കേരളത്തില്‍ മാത്രം മത്സരിക്കുന്ന സി.പി.എമ്മിന് കഴിയില്ല : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, February 14, 2019

നരേന്ദ്ര മോദിയെ താഴെ ഇറക്കാൻ കോൺഗ്രസിനേ കഴിയൂ, കേരളത്തിൽ മാത്രം മത്സരിക്കുന്ന സി. പി. എമ്മിന് കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ പൊതുവികാരം യു.ഡി.എഫിന് അനുകൂലമാണ്. കേരളത്തെ രക്ഷിക്കാൻ ഇടതുമുന്നണിയുടെ ജാഥ ആവശ്യമില്ല. പിണറായിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണ് എൽ.ഡി.എഫിന്‍റെ ജാഥയെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ട്രഷറിയിൽ കടുത്ത നിയന്ത്രണമാണ് ഇപ്പോഴുള്ളത്. കരാറുകാർക്ക് നൽകാനുള്ളത് 1,200 കോടി രൂപയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 51.84 ശതമാനം പദ്ധതി വിഹിതം മാത്രമാണ് ചെലവഴിച്ചത്. ബാക്കി വരുന്ന തുക ഇ- ലെഡ്ജറിലേക്ക് മാറ്റുന്നത് ഫലപ്രദമല്ല. നിത്യച്ചെലവിന് പോലും സർക്കാരിന് പണമില്ലെന്നും ധനകാര്യ വകുപ്പിൽ ഇപ്പോൾ ‘സോഫ്റ്റ് വെയർ ചലഞ്ച്’ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നികുതി പിരിവ് മന്ദീഭവിച്ചു. സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇതിന് കാരണം. പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യങ്ങൾ മറിച്ചുവിറ്റ ഉദ്യോഗസ്ഥർക്ക് എതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഷുക്കൂര്‍ വധക്കേസില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. കൊലക്കേസ് പ്രതികളായ ടി.വി രാജേഷിനെയും പി ജയരാജനെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വീകരിക്കുന്നത്. പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ സി.പി.എം തയാറാകണം. ടി.വി രാജേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണം.