ഇന്ധന നികുതി കേരളം കുറച്ചില്ലെങ്കില്‍ സംസ്ഥാന സർക്കാരിന് നേരെ പ്രക്ഷോഭമുയരും : കെ സുധാകരന്‍

Jaihind Webdesk
Thursday, November 4, 2021

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധനങ്ങളുടെ  എക്‌സൈസ് നികുതി കുറച്ചത് പോലെ സംസ്ഥാനവും കുറയ്ക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇന്ധന വില കുറച്ചില്ലായിരുന്നെങ്കിൽ രാജ്യമൊട്ടാകെ വൻ പ്രതിഷേധങ്ങൾ ഉണ്ടാകുമായിരന്നെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം മാത്രം കുറയ്ക്കാൻ ശ്രമിച്ചാൽ വില കുറയില്ല. ഇവിടത്തെ ടാക്‌സ് സംസ്ഥാന സർക്കാർ കുറയ്ക്കണം. കേന്ദ്ര സർക്കാർ കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറയ്ക്കുന്നില്ലെങ്കിൽ പ്രക്ഷോഭത്തിന്‍റെ വാൾമുന സംസ്ഥാന സർക്കാരിന് നേരെ തിരിച്ചുവിടും’ – സുധാകരന്‍ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാർ മുൻപ് കാണിച്ച മാതൃക പിണറായി സർക്കാർ പിന്തുടരണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വില കുറച്ചില്ലെങ്കിൽ സമരം രാഷ്ട്രീയ പാർട്ടികളല്ല, ജനങ്ങൾ ഏറ്റെടുക്കുമെന്നും സുധാകരൻ പ്രതികരിച്ചു.