ന്യൂഡൽഹി : ഏറ്റവും ഉയർന്ന നിരക്കില്‍ രാജ്യത്ത് ആർടിപിസിആർ പരിശോധന നടത്തുന്നത് കേരളത്തില്‍. ഒരു പരിശോധനയ്ക്ക് സംസ്ഥാനത്ത് 1700 രൂപയാണ് ഈടാക്കുന്നത്. സർക്കാർ ആശുപത്രികളിൽ സൗജന്യ പരിശോധനയുണ്ടെങ്കിലും ഉടൻ ലഭ്യമാകാത്തതിനാൽ പലപ്പോഴും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരും. വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോഴും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഈ രീതിയിൽ പലതവണ പരിശോധന വേണ്ടിവരുന്നതു വൻ സാമ്പത്തിക ബാധ്യതയാകുന്നുമുണ്ട്.
ആർടിപിസിആർ പരിശോധനയ്ക്കു ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും. ഡൽഹിയിലും കർണാടകയിലും 800 രൂപയാണു നിരക്ക്; വീട്ടിലെത്തി ശേഖരിക്കുമ്പോൾ 1200 രൂപ.
കേരളത്തില്‍ പരിശോധനയ്ക്ക് ആവശ്യമായ റീഏജന്‍റ്, വൈറൽ ട്രാൻസ്പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ചിലവു താരതമ്യേന കുറഞ്ഞു. എന്നാൽ, ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയ ചെലവുകളാണ് ലാബുകൾ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് രൂക്ഷമായിരിക്കെ, നിരക്കു കുറയ്ക്കുകയോ, ലാബുകൾക്കു സർക്കാർ സഹായം അനുവദിച്ചു പരിശോധന കൂട്ടുകയോ വേണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.