സംസ്ഥാനത്ത് ഒരാള്‍ മാത്രമാണ് ഇന്നലെ കൊവിഡ്-19 പോസിറ്റീവ് ആയത്. കോഴിക്കോട് ജില്ലയിലുള്ള ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.
10 പേര് കൂടി ഇന്നലെ രോഗവിമുക്തരായി. കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇനി 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര് വീടുകളിലും 526 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കാസർകോട് :
രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആശങ്കകൾ ഒഴിയാതെ കാസർകോട് ജില്ല. ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചതിനാൽ മെയ് 3 വരെ കർശന നിയന്ത്രണം തുടരും നിലവിൽ രോഗബാധിതരുടെ എണ്ണം 51 ആയി. നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ആളുകളിലും രണ്ടു ദിവസം മുമ്പ് കൊറോണ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് കാരണമാകുന്നു. ഇത് ആരോഗ്യ വകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതുവരെ 168 പോസിറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 6 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നിലവിൽ 51 രോഗികളാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിലുള്ളത്. കമ്യുണിറ്റി സർവ്വേ പ്രകാരം 3321 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി 74 പേരുടെ സാമ്പിളുകൾ പരിശോധിക്കാനായി നിർദ്ദേശം നൽകി.
കോഴിക്കോട് :
ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഴിയൂരില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി ഉയർന്നു.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 31 കാരനായ ഇദ്ദേഹവും അഴിയൂര്‍ സ്വദേശിയാണ്. ആദ്യം പോസിറ്റീവായ ആളുടെ കൂടെ അതേ കടയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അഴിയൂരില്‍ ഏപ്രില്‍ 14 ന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു സാമ്പിള്‍ എടുക്കുകയും വടകര കൊറോണ കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യ നില തൃപ്തികരമാണ്. ലക്ഷങ്ങൾ ഇല്ലാതെയാണ് പരിശോധന ഫലം പോസിറ്റീവ് ആയത്. പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ 9 പേര് രോഗമുക്തരായി. 10 പേര് ചികിത്സയിലുണ്ട്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച 4 ഇതര ജില്ലക്കാരില്‍ 2 കാസര്‍ഗോഡ് സ്വദേശികള്‍ രോഗമുക്തരായി. 2 കണ്ണൂര്‍ സ്വദേശികളും ചികിത്സയിലുണ്ട്. 1309 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 11,173 ആയി. നിലവില്‍ 11,586 പേര് നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇന്ന് പുതുതായി വന്ന 7 പേര് ഉള്‍പ്പെടെ ആകെ 31 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 4 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
എറണാകുളം :
കൊച്ചിയിൽ ചികിത്സയിലിരുന്ന രണ്ട് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. മെഡിക്കൽ ബോർഡിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഇരുവരേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തില്ല. കൊവിഡ് രോഗത്തെ തുടർന്ന് കൊച്ചിയിൽ മരിച്ച യാക്കൂബ് സേഠിൻ്റെ ഭാര്യയുടേയും മകളുടേയും പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. എന്നാൽ മെഡിക്കൽ ബോർഡിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ഇരുവരേയും ഡിസ്ചാർജ്ജ് ചെയ്തിട്ടില്ല. ഇവരുടെ മറ്റൊരു മകനും പരിശോധന ഫലം നെഗറ്റീവായിട്ടും, മെഡിക്കൽ ബോർഡിൻ്റെ അനുമതി ലഭിക്കാത്തതിനാൽ ആശുപത്രിയിൽ തുടരുകയാണ്. ഇവരുൾപ്പടെ, കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 5 പേരും കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ഉള്ളത്.
ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 677 ആയി. ഇന്നലെ പുതിയതായി 3 പേരെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 23 വയസ്സുള്ള അസം സ്വദേശിയായ യുവാവ് ഇന്നലെ മരിച്ചു. ഇദ്ദേഹത്തിന് കൊവിഡ് ഇല്ലായിരുന്നു എന്ന് 3 തവണ നടത്തിയ സാമ്പിൾ പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ജില്ലയിൽ നിന്നും 11 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 72 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
അതിനിടെ, കൊവിഡ് രോഗവ്യാപനമുണ്ടായാല്‍ ജില്ലയില്‍ അടിയന്തരമായി നടപ്പാക്കുന്ന സമഗ്രപദ്ധതിയുടെ ആദ്യഘട്ട മോക് ഡ്രില്‍ ഇന്നലെ നടന്നു. പഞ്ചായത്തുകളില്‍ ഹാളുകളിലും, സ്കൂളുകളിലുമായി ക്രമീകരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് വീടുകളില്‍ നിന്നും രോഗികളെ എത്തിച്ച് ചികിത്സയില്‍ പ്രവേശിപ്പിക്കുന്നതിന്റെ മോക് ഡ്രില്ലാണ് നടത്തിയത്. രോഗവിവരം ലഭിച്ചാലുടന്‍ സ്ഥലത്തെത്തി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രോഗിയെ സുരക്ഷിതമായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാക്കുന്ന പ്രവര്‍ത്തനം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് മോക്ക് ഡ്രില്ലില്‍ വ്യക്തമായി. ആദ്യമോക് ഡ്രില്ലില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ച് രണ്ടാമത്തെ മോക് ഡ്രില്‍ ഉടനെ നടപ്പാക്കും. വിമാനത്താവളത്തില്‍ നിന്നും രോഗികളെ ആശുപത്രികളിലേക്ക് എത്തിക്കുന്നതും ഈ മോക് ഡ്രില്ലിന്റെ ഭാഗമായി ആവിഷ്കരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.