ഈ മൺസൂണിൽ കേരളത്തിൽ ഇതുവരെ ലഭ്യമായത് 14% അധികമഴ

Jaihind News Bureau
Friday, September 13, 2019

കേരളത്തിൽ ഈ മൺസൂണിൽ ഇതുവരെ ലഭ്യമായത് 14 ശതമാനം അധികമഴയെന്ന് റിപ്പോർട്ട്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ ലഭിച്ചത്. അവസാന ഘട്ടത്തിൽ മഴ കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ജൂൺ 1 മുതൽ സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് കിട്ടിയത് 215 സെന്റിമീറ്റർ മഴയാണ്, ഇക്കാലയളവിൽ പ്രതീക്ഷിച്ചത് 189സെൻറിമീറ്റർ മഴയയിരുന്നു്. നാല് ജില്ലകളിലാണ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ കിട്ടിയത്. പാലക്കാട് ജില്ലയിൽ 42 ശതമാനത്തോളം കൂടുതൽ മഴയാണ് കിട്ടിയത് .ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 334 സെമി മഴയാണ് കോഴിക്കോട് ലഭിച്ചത്. കാസർകോട്, കണ്ണൂർ ജില്ലകളിലും മുന്നൂറ് സെൻറിമീറ്ററിലേറെ മഴ പെയ്തു.

ഇടുക്കി വയനാട് ജില്ലകളിൽ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറവായിരുന്നെങ്കിലും ഓഗസ്റ്റ് ആദ്യ ആഴ്ച മുതൽ പെയ്ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചത്. മൺസൂണിൽ ആകെ കിട്ടേണ്ട മഴ കുറഞ്ഞ കാലയളവിൽ കിട്ടുന്ന സാഹചര്യം, കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. ഇത് കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായാണ് ബാധിക്കുന്നത്. ഈമാസം 30 വരെയാണ് മൺസൂൺ കാലയളവ്. അടുത്ത അഞ്ച് ദിവസം കൂടി കനത്തമഴ കിട്ടുമെങ്കിലും അതിന് ശേഷം മഴ കുറയും.