കൊവിഡ് മുക്ത സംസ്ഥാനമായ ഗോവയില്‍ കേരളത്തിന്‍റെ ‘നിള’യാണ് താരം; അഭിനന്ദിച്ച് ‘കളക്ടർ ബ്രോ’യും

Jaihind News Bureau
Tuesday, April 21, 2020

ഏപ്രില്‍ മൂന്നിന് ശേഷം ഇതുവരെയും ഒരു കൊവിഡ് പോസിറ്റീവ് കേസും റിപ്പോർട്ട് ചെയ്യപ്പെടാത്തതും ആകെയുള്ള ഏഴു കൊവിഡ് രോഗികളും രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തതോടെ കൊവിഡ് മുക്ത സംസ്ഥാനമായി മാറിയിരിക്കുകയാണ് ഗോവ. ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കി രോഗവ്യാപനം ഗോവ തടഞ്ഞപ്പോൾ അതിനു പിന്നിലും കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കി ഒരു മലയാളിയുണ്ട. ഗോവയിലെ കൊവിഡ് നിർമ്മാർജ്ജന പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത് ഗോവ ആരോഗ്യ സെക്രട്ടറിയായ മലയാളി ഐഎഎസ് ഓഫീസർ നിള മോഹനാണ്. അഞ്ചു വർഷമായി ഗോവയിലാണ് നിള പ്രവർത്തിക്കുന്നത്. നേരത്തെ നോർത്ത് ഗോവ കളക്ടറായും നിള ഗോവയില്‍ ഉണ്ടായിരുന്നു.

വിനോദസഞ്ചാരികൾ ഏറെ എത്തുന്നതുകൊണ്ട് ആദ്യ ഘട്ടത്തിൽ തന്നെ ഗോവയിൽ അതീവജാഗ്രതയാണ് പാലിച്ചുവന്നത് . വിമാനത്താവളത്തിൽ തുടക്കം മുതല്‍ തന്നെ ആരോഗ്യവകുപ്പ് ജീവനക്കാരെ പരിശോധനയ്ക്കു നിയോഗിച്ചു. ജനുവരി 30 മുതൽ എത്തിയ രാജ്യാന്തര യാത്രക്കാരിൽ കണിശമായ സ്ക്രീനിങ് നടത്തി. മാർച്ച് 20 മുതൽ ആഭ്യന്തര യാത്രക്കാരിലും സ്ക്രീനിങ് ഉറപ്പാക്കി. ലോക്ഡൗണിന് ശേഷമാണ് ആദ്യമായി കൊവിഡ് കേസുകൾ ഗോവയിൽ റിപ്പോർട്ട് ചെയ്തത്.

ഏഴ് രോഗികളിൽ ആറുപേരും വിദേശത്തുനിന്നെത്തിയവരാണ്. ഇതിൽ അഞ്ചു പേർ ക്രൂസ് കപ്പലുകളിൽ ജോലി ചെയ്തവർ. ഒരാൾ രോഗിയുടെ ബന്ധു. എല്ലാവരെയും കോൺടാക്ട് ട്രേസിങ് നല്ല രീതിയിൽ നടത്തി ക്വാറന്‍റീൻ ചെയ്തു. നെഗറ്റീവ് ആയവരെ 14 ദിവസം ക്വാറന്റീനിൽ വച്ചു. രോഗം ബാധിച്ചവരുടെ കൂടെ വിമാനത്തിൽ സഞ്ചരിച്ചവരുടെയും ക്വാറന്‍റീൻ ഉറപ്പാക്കി. കോവിഡ് പരിശോധനാ കേന്ദ്രം ഇല്ലെന്നതു ഗോവയില്‍ വലിയ വെല്ലുവിളിയായിരുന്നു. ലോക്ഡൗൺ ആരംഭിച്ച ശേഷം ഗോവയിൽ ലാബ് സംവിധാനം പ്രവർത്തനം തുടങ്ങി രോഗപ്രതിരോധത്തിനു വേഗം ഉറപ്പാക്കി.

നിലവിൽ രണ്ട് ലാബുകൾ കൂടി ഗോവയിൽ പൂർണ സജ്ജമായിട്ടുണ്ട്. അതിനാൽ പരിശോധനകൾ വേഗത്തിലാക്കാൻ സാധിച്ചു. രോഗികളെ പരിശോധിച്ച ഡോക്ടർമാര്‍ക്കും ജീവനക്കാര്‍‌ക്കും കോവിഡ് ആശുപത്രിയിൽ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. ഇവർക്ക് ആശുപത്രിക്കു സമീപമുള്ള ഹോട്ടലി‍ൽ തന്നെ മുറി എടുത്തുനൽകി. ഏപ്രിൽ 13 മുതൽ 15 വരെ സംസ്ഥാനത്തെ നാലര ലക്ഷം വീടുകളിൽ സർവേ നടത്തി. സർക്കാർ ഉദ്യോഗസ്ഥർ വീടുകൾ കയറിയിറങ്ങി. ഇൻഫ്ലുവൻസ ലൈക്ക് ഇല്‍നെസ് (ഐഎൽഐ) ഉണ്ടോയെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

കൂടുതൽ പരിശോധന ആവശ്യമെങ്കിൽ നടത്താനും സംവിധാനമൊരുക്കി. ഇപ്പോഴും ഫുൾ ലോക്ഡൗൺ ആണ് ഗോവയിൽ. ജനതാ കർ‌ഫ്യൂവിന് ശേഷം അതേ നിയന്ത്രണങ്ങൾ 25 വരെ തുടരുകയും പിന്നീടു ലോക്ഡൗണിലേക്കു കടക്കുകയുമാണു ഗോവ ചെയ്തത്. ഇപ്പോഴും അതീവ ജാഗ്രത തുടരുന്നു. നിലവിൽ രോഗികൾ ഇല്ലെങ്കിലും ലക്ഷണങ്ങളുമായി എത്തുന്നവരെയെല്ലാം ഗോവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു പരിശോധനകൾ തുടരുന്നു. ഏപ്രിൽ മൂന്നിനാണ് ഗോവയിൽ അവസാനം കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. രോഗപ്രതിരോധത്തിനായി പ്രവർത്തിച്ച നിള മോഹനന്‍ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ നന്ദി അറിയിച്ചു. കോവിഡ് രോഗം ഒഴിവായി എന്ന സന്തോഷ വാർത്തയ്ക്കിടയിലും വിശ്രമത്തിന് ഒരുക്കമല്ല ഗോവയിലെ ആരോഗ്യപ്രവർത്തകർ. ആരോഗ്യ സെക്രട്ടറിക്കൊപ്പം രോഗനിർണയ പ്രവർത്തനങ്ങളുമായി ഇവർ നിതാന്ത ജാഗ്രതയിലാണ്.

നിള മോഹന്‍റെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്നു കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡിയും കേരളത്തിന്‍റെ സ്വന്തം ‘കളക്ടർ ബ്രോ’യും ആയ പ്രശാന്ത് നായർ ഐഎഎസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.   ‘ ചെറിയ സംസ്ഥാനമാണ്. കേരളത്തിന്റെ പത്തിലൊന്നോ മറ്റോ വരും. എന്നാൽ വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ് ഗോവയെ വളരെ റിസ്കി ആക്കിയത്. അയൽപ്പക്കമായ മഹാരാഷ്ട്ര‌യാകട്ടെ ഏറെ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.
അയൽ സംസ്ഥാനങ്ങളെ വളരെയധികം ആശ്രയിക്കുന്ന സംസ്ഥാനവുമാണ് ഗോവ. വളരെയധികം പരിശ്രമത്തിന് ശേഷമാണ് ഗോവ കൊറോണയുടെ വ്യാപനം തളച്ചത്. ഗോവയിലെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രവർത്തനമികവിനെക്കുറിച്ച് പലരിൽ നിന്നും കേട്ടു, വായിച്ചു.

ഏറെ അഭിമാനം തോന്നി. വേറൊന്നുമല്ല, ഇതിന് ചുക്കാൻ പിടിച്ച ഗോവ ആരോഗ്യവകുപ്പ് സെക്രട്ടറി മലയാളിയാണ്. നിള മോഹനൻ ഐഎഎസ്. പ്രശസ്ത മാധ്യമപ്രവർത്തകനായ കെ.പി.മോഹനന്‍റെ മകളാണ് നിള – ഫെയ്സ്ബുക്കില്‍ കളക്ടർ ബ്രോ പറയുന്നു. നിള ഉള്‍പ്പെടെയുള്ള പഴയ ബാച്ച് മേറ്റ്സിന്‍റെ പഴയൊരു കവർപേജ് ചിത്രം ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.