തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസിലെ പ്രതികളെ തിരഞ്ഞ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ ഭീഷണിയും താക്കീതുമായി സി.പി.എമ്മും സര്‍ക്കാരും. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പുറത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ഡി.സി.പിക്കെതിരെ നിശിത വിമര്‍ശനവുമായി രംഗത്ത് വന്നത്. ഡി.സി.പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അപ്രതീക്ഷിതമായി നടന്ന റെയ്ഡ് സി.പി.എം കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിരുന്നു. എന്നാല്‍ നിയമപരമായി റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിക്കുള്ള സാഹചര്യം ഇല്ലാതാക്കുന്ന തരത്തിലുള്ള എ.ഡി.ജി.പി മനോജ് ഏബഹ്രാമിന്റെ റിപ്പോര്‍ട്ടും സി.പി.എമ്മിനെ ചൊടിപ്പിക്കുന്നു. നിയമപരാമയി നടപടിയെടുക്കാന്‍ കഴിയാത്തതിനാല്‍ തന്നെ ചൈത്രയ്ക്കെതിരെ ഭീഷണിയും താക്കീതും നല്കി ഒുതുക്കാനുള്ള നീക്കമാണ് പാര്‍ട്ടിയും സര്‍ക്കാരും നടത്തുന്നത്.
കൃത്യമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍ സമീപനത്തില്‍ പൊലീസ് സേനയ്ക്കുള്ളിലും സമര്ഷം പുകയുകയാണ്. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും വിമര്‍ശനത്തില്‍ ഐ.പി.എസ് അസോസിയേഷനും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വസ്തുതാപരമായി കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരിനു പുറമേ സി.പി.എം നേതൃത്വം ആക്ഷേപം ചൊരിയുന്നതിലും ഉദ്യോഗസ്ഥര്‍ക്കുള്ള അനിഷ്ടം ഐ.പി.എസ് അസോസിയേഷന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന് നേരെ എസ്.എഫ്.ഐക്കാര്‍ നടത്തിയ ആക്രമണവും സേനയ്ക്കുള്ളിലെ താഴെത്തട്ടിലുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സി.പി.എം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതിലും ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സി.പി.എം അനുഭാവ ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട സഹായം ചെയ്യുന്ന സര്‍ക്കാരും പാര്‍ട്ടിയും രാഷ്ട്രീയ ചായ്വില്ലാത്ത ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. പല പൊലീസ് സ്റ്റേഷനുകളിലും പാര്‍ട്ടി പ്രദേശിക നേതാക്കളാണ് ഭരണം നടത്തുന്നത്. ഇത് അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളിലൂടെയും മറ്റ് അച്ചടക്ക നടപടികളെടുത്തും തളര്‍ത്തുന്നുവെന്ന പരാതിയും സേനയ്ക്കുള്ളില്‍ വ്യപകമാണ്.
ഇതിനെല്ലാം പുറമേ വനിതാ മതിലിലൂടെ നവോത്ഥാനത്തിനും സ്ത്രീശാക്തീകരണത്തിനും കച്ചകെട്ടിയിറങ്ങിയ സി.പി.എം വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ അകാരണമായി നടത്തുന്ന പീഡനവും പൊതുസമൂഹത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിന് കെട്ടിപ്പൊക്കിയ വനിതാ മതിലിന്റെ ചുവരില്‍ തന്നെ വനിതാ ഉദ്യോഗസ്ഥക്കെതിരായ വാറോല പതിക്കുന്ന സി.പി.എം നടപടിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നുള്ള താക്കീതും ഉയര്‍ന്നു കഴിഞ്ഞു.