കലഹം പരിഹരിക്കാന്‍ കുടുംബിനിയുമായി ‘കറക്കം’ : എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും സസ്‌പെന്‍ഡ് ചെയ്തത്. ഡിഐജി രാഹുല്‍ ആര്‍ നായര്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അബ്ദുല്‍ സമദ് എടച്ചേരി എസ്‌ഐ ആയിരിക്കുമ്പോഴാണ് കുടുംബ കലഹം പരിഹരിക്കുന്നതിനായി യുവതി സ്റ്റേഷനിലെത്തുന്നത്. എന്നാല്‍ പിന്നീട് യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തുകയും വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതായും ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏല്‍പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അന്വേഷണ വിധേയമായി കല്‍പറ്റയിലേക്ക് അബ്ദുല്‍ സമദിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നപ്പോളാണ് യുവതിയുടെ ഭര്‍ത്താവും കുട്ടികളും കണ്ണൂര്‍ റേഞ്ച് ഐജിയ്ക്ക് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. യുവതിയുടെ മക്കള്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment