കൊച്ചി ഇരുമ്പനത്തേയും തൃശൂർ കൊരട്ടിയിലെയും ATM മോഷണ കേസുകളിലെ പോലീസ് അന്വേഷണത്തിൽ കാര്യമായ വിവരങ്ങളില്ല. സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച വിരൽ അടയാളങ്ങളും കേരള പോലീസ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറി. മോഷ്ടാക്കൾക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ഇതര സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുമ്പോഴും ഇവർ എവിടേക്ക് രക്ഷപ്പെട്ടു എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. CCTV ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും ഫൊറൻസിക് വിദഗ്ധർ ശേഖരിച്ച വിരലടയാളങ്ങളും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറി. ഡൽഹിയിലെയും ചെന്നൈയിലേയും പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
മോഷണങ്ങൾക്ക് പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് പോലീസ് ഉറപ്പിക്കുന്നു. അടുത്തിടെ ജയിൽ മോചിതരായ മോഷ്ടാക്കളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക സഹായം ലഭിച്ചോയെന്ന കാര്യവും പരിശോധിച്ച് വരികയാണ്. ഇരുമ്പനത്തേയും കൊരട്ടിയിലേയും മോഷണങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടിടത്തും മോഷണം നടത്തിയിരിക്കുന്നത് ഒരേ രീതിയിലാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ATM തകർത്തിട്ടുണ്ട്. CCTV ക്യാമറകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മറയ്ക്കാനും ശ്രമമുണ്ടായി.
എന്നാൽ കണ്ണിൽപ്പെടാതിരുന്ന CCTV ക്യാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്നാണ് പ്രതികൾ ഉത്തരേന്ത്യക്കാരാണെന്ന് പോലീസ് അനുമാനിക്കുന്നത്. മോഷ്ടാക്കൾ സഞ്ചരിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാൻ ചാലക്കുടി ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
കൊരട്ടി മുതൽ ചാലക്കുടി വരെയുള്ള ദേശീയ പാതയിലെ പെട്രോൾ പമ്പുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ചാലക്കുടിയിൽ നിന്നും ട്രെയിനിൽ രക്ഷപ്പെട്ടുവെന്നാണ് ഇപ്പോൾ കരുതുന്നത്. അതേസമയം ചാലക്കുടി റെയിൽവെ സ്റ്റേഷനിലോ സമീപത്തോ നിന്ന് CCTV ദൃശ്യങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി.