കൊവിഡ് കാലത്ത് പൊലീസ് പിഴയായി പിരിച്ചെടുത്തത് 86 കോടി ; പരിധി നിശ്ചയിച്ചിരുന്നോ എന്നതിന് മറുപടിയില്ല

Jaihind Webdesk
Wednesday, September 22, 2021

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് പൊലീസ് പിരിച്ചെടുത്തത് 86 കോടി രൂപ. ഇതില്‍ 49 കോടിയും കഴിഞ്ഞ അഞ്ചുമാസംകൊണ്ട് പിരിച്ചെടുത്തതാണ്. കൊവിഡ് മാനദണ്ഡ ലംഘനങ്ങളും പിഴയും സംസ്ഥാനത്ത് സൃഷ്ടിച്ച കോലാഹലങ്ങള്‍ ചില്ലറയല്ല. പൊതുജനത്തെ പിഴിഞ്ഞ് പിഴയീടാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിനെ സാധൂകരിക്കുന്ന കണക്കുകളാണ് വിവരാവകാശപ്രകാരം ലഭിച്ചിരിക്കുന്നത്.

അതേസമയം പിഴയീടാക്കാന്‍ പൊലീസിന് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ എന്ന് മറുപടി നല്‍കാനാകില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തോടുള്ള പ്രതികരണം. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 2020 ജൂലൈ 16 മുതലാണ് പിഴയുടെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച് തുടങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31 വരെ 37കോടി ഒന്‍പതുലക്ഷം രൂപ പിഴയീടാക്കി. അതിനുശേഷം കഴിഞ്ഞ മാസംവരെ കൊവിഡ് മാനദണ്ഡ ലംഘനത്തിന് പിഴയായി ഈടാക്കിയത് 48 കോടി 82 ലക്ഷം രൂപ.

പൊലീസിന് ടാര്‍ഗറ്റ് നല്‍കിയെന്ന ആക്ഷേപമുണ്ടായ കാലഘട്ടത്തിലാണ് ഈ വര്‍ധനയെന്നതും ശ്രദ്ധേയം. സമൂഹത്തിലെ സാധാരണക്കാരില്‍നിന്നാണ് പിഴയിലെ ഭൂരിഭാഗവും ഈടാക്കിയിരിക്കുന്നത്. പൊലീസ് പിഴയീടാക്കുന്നതിനെ മഹാപരാധമായി കാണേണ്ടതില്ലായെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ നിലപാട്.