സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി: പ്രതിപക്ഷം ധവള പത്രം തയ്യാറാക്കുന്നു

Jaihind Webdesk
Wednesday, June 26, 2019

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ സംസ്ഥാനം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം ധവളപത്രം തയ്യാറാക്കും. ധവളപത്രം തയ്യാറാക്കാന്‍ വി.ഡി.സതീശന്‍ കണ്‍വീനറായി 7 അംഗസമിതിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയതായി യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ അറിയിച്ചു.
ഖജനാവ് അക്ഷരാര്‍ത്ഥത്തില്‍ കാലിയായ ഏറ്റവും ഗുരുതരമായ ധന പ്രതിസന്ധി നേരിടുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുക മാത്രമല്ല ദൈനംദിന ചിലവുകള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ ഈ ധനപ്രതിസന്ധിയെ ബോധപൂര്‍വ്വം മറച്ചുവെയ്ക്കുകയും, പദ്ധതി ചിലവുകള്‍ ഭീമമായി വെട്ടിക്കുറയ്ക്കുകയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥയും ധനകാര്യ മാനേജ്‌മെന്റിലെ പിടിപ്പുകേടുമാണ് ഈ ഭയാനകമായ സ്ഥിതി സംജാതമാക്കിയത്.
കെ.എസ്.ശബരീനാഥന്‍, കെ.എന്‍.എ. ഖാദര്‍, എം.ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ. ജയരാജ്, ആനൂപ് ജേക്കബ് എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു