സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല; തീരുമാനം സർവ്വകക്ഷി യോഗത്തില്‍

Jaihind News Bureau
Tuesday, September 29, 2020

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് സർവ്വകക്ഷി യോഗം ചേർന്നത്. രോഗവ്യാപന മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. അതേ സമയം രോഗപ്രതിരോധത്തിനായി സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചത്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു.
രോഗം കൂടിയ മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.

കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിലെ എണ്ണം കുറയ്ക്കും ഗുരുതര സാഹചര്യം ജനങ്ങളിലെത്തിക്കാനും യോഗത്തിൽ തീരുമാനിച്ചു.
സമ്പർക്കത്തിലൂടെയാണ് സംസ്ഥാനത്ത് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത് എന്നത് അതീവഗൗരതരമാണ്. ഈ നിലതുടർന്നാൽ വലിയ അപകടത്തിലേക്കാണ് നാം ചെന്ന് പതിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ ഉണ്ടാകണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം വേണ്ടി വരും. രാഷ്ട്രീയ പാർട്ടികളോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, രോഗപ്രതിരോധത്തിന് സർക്കാർ നടത്തുന്ന എല്ലാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ വ്യക്തമാക്കി.