പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ടത് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നത് ഭരണഘടനയുടെ നിരാസമാണെന്നും നിയമപരമായും രാഷ്ട്രീയപരമായും ബില്ലിനെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ മാസം 23 ന് മതേതര സംഗമങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തുടർസമര പരിപാടികള്‍ ചർച്ച ചെയ്യാനാണ് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചേർന്നത്. യു.ഡി.എഫ് നേതൃത്വത്തിൽ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് റിപ്പബ്ലിക്ക് എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ ഈ മാസം 23 ന് മതേതര സംഗമങ്ങൾ സംഘടിപ്പിക്കും. 26 ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സ്വതന്ത്ര ഭാരത്തിന്‍റെ ചരിത്രത്തിൽ ആദ്യമാണ് മതത്തിന്‍റെ പേരിൽ പൗരന്മാരെ രണ്ട് തട്ടിലാക്കുന്നത്. ബില്ലിനെതിരെ ഉയർന്ന് വരുന്ന എല്ലാ പ്രക്ഷോഭങ്ങളും കേന്ദ്ര സർക്കാർ ഗൗരവകരമായി കാണണമെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം എല്ലാവരും സമരരംഗത്തുള്ളപ്പോൾ ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നാളത്തെ ഹർത്താൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പൗരത്വ ഭേദഗതി ബില്ലിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യു ഡി എഫിന്റെ തീരുമാനം.