ഡൽഹിയിൽ നിന്നും കേരള എക്സ്പ്രസ് റൂട്ടിലും പാട്നയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രയിനുകൾ വേണം : കേരള എംപിമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി

Jaihind News Bureau
Monday, May 18, 2020

ഡല്‍ഹിയില്‍നിന്നും കേരളാ എക്‌സ്പ്രസ് യാത്ര ചെയ്യുന്ന റൂട്ടിലും പാട്‌നയില്‍നിന്നും പ്രത്യേക ട്രെയിനുകൾ മലയാളികള്‍ക്കായി അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍ അടക്കമുള്ള എം.പി.മാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും കൊങ്കണ്‍ വഴി മാത്രമാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ഇതുകാരണം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മലയാളികള്‍ക്ക് എത്തിച്ചേരാനാകുന്നില്ല. അതുകൊണ്ടാണ് ഡല്‍ഹിയില്‍നിന്നും കേരളാ എക്‌സ്പ്രസ് സഞ്ചരിക്കുന്ന റൂട്ടില്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെടുന്നത്. അതോടൊപ്പം പാട്‌നയില്‍നിന്നും മലയാളികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നും എം.പി.മാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.