ന്യൂഡല്‍ഹി: കേരളത്തിലെ ജന ജീവിതം ഏറെ ദുസ്സഹമാക്കുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന് അയവുവരുത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് കേന്ദ്ര വന-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനോട് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംഘം ആവശ്യപ്പെട്ടു.
വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിന് സെന്‍സര്‍ അധിഷ്ഠിത സാങ്കേതികവിദ്യകള്‍, മുന്നറിയിപ്പ് സംവിധാനം, റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ വിന്യസിക്കുക, പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രദേശിക ജനപ്രതിനിധികളും നേതാക്കളും ഉള്‍പ്പെടുന്ന ‘ജന ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ എംപിമാര്‍ മുന്നോട്ടുവെച്ചു.
ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ ഉറപ്പാക്കുക , വന്യമൃഗ സംഘര്‍ഷം, വന്യമൃഗ സംഘര്‍ഷ പ്രതിരോധ നടപടികളുടെ ഭാഗമായി കിടങ്ങുകള്‍, മുള്‍വേലികള്‍ എന്നിവ നിര്‍മ്മിക്കുക, അന്തര്‍ സംസ്ഥാന ഏകോപനവും ആശയവിനിമയവും തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സക്രിയമായ നടപടി ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടെ യോഗം വിളിച്ച് മനുഷ്യജീവന് വിലകല്പിക്കത്തക്ക വിധം, അവര്‍ക്കു വേണ്ട നിര്‍ദേശം നല്‍കുമെന്ന് കേന്ദ്രമന്ത്രി കേരള എംപിമാര്‍ക്ക് ഉറപ്പു നല്‍കി.
എംപി മാരായ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, കെ. രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ഫ്രാന്‍സിസ് ജോര്‍ജ്, സന്തോഷ് കുമാര്‍, ജെബി മേത്തര്‍, ഹാരീസ് ബീരാന്‍ എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.