സംസ്ഥാനത്ത് ജൂൺ മൂന്നിന് കാലവർഷമെത്തുമെന്ന് പ്രവചനം ; കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും തയ്യാറെടുക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 2015ൽ ഒഴികെ എല്ലാ വര്‍ഷവും കാലവര്‍ഷ പ്രവചനം ശരിയായിരുന്നു.

നാളെ മുതൽ കാലവർഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതൽ നാല് ദിവസം വരെ ഇതിൽ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്ന് മുതൽ ശക്തി പ്രാപിക്കുമെന്നാണ് ഇപ്പോൾ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

കാലവർഷം എത്താനിരിക്കെ അണക്കെട്ടുകളിൽ മുന്നോരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നോട്ട് പോകുകയാണ്. മുൻകരുതലിന്‍റ ഭാഗമായി അണക്കെട്ടുകളിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മൂഴിയാർ അണക്കെട്ടിൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടിയ ജലനിരപ്പ് അണക്കെട്ടുകളിൽ രേഖപ്പെടുത്തിയെങ്കിലും പവർ ഹൗസുകളിൽ പൂർണ തോതിലാണ് വൈദ്യുത ഉത്പാദനം. കൃത്യമായ ഇടവേളകളിൽ ഡാം സേഫ്റ്റി അതോറിറ്റി കേന്ദ്ര ജല കമ്മീഷന് റിപ്പോർട്ട് നൽകുന്നുണ്ട്. 2018ന് സമാന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബിയും ഇറിഗേഷൻ വകുപ്പും.

 

Comments (0)
Add Comment