സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത

സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാൻ സാധ്യത. വട്ടിയൂർക്കാവ്, കോന്നി, അരൂർ, പാലാ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പ് നടത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി.

തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുമ്പോൾ കാലവർഷം, ഓണം എന്നിവ കൂടി പരിഗണിക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണു പ്രതീക്ഷ. കേരളം കൂടാതെ നാല് സംസ്ഥാനങ്ങളിൽക്കൂടി ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അവിടങ്ങളിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമതീയതി നിശ്ചയിക്കുക.
കോൺഗ്രസ് എംഎൽഎമാരായിരുന്ന കെ മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, സിപിഎം എംഎൽഎയായിരുന്ന എ എം ആരിഫ് എന്നിവർ ലോക്‌സഭയിലേക്ക് വിജയിച്ച ഒഴിവിലാണ് നാല് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ നിര്യാണം മൂലമാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. മുസ്ലിംലീഗ് പ്രതിനിധി പി ബി അബ്ദുൾ റസാഖിൻറെ മരണത്തെത്തുടർന്നാണ് മഞ്ചേശ്വത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് നിലവിലിരിക്കേ തെരഞ്ഞെടുപ്പിനെക്കുറിച്ച് കമ്മീഷന് ഇനിയും വ്യക്തത വന്നിട്ടില്ല.

വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ നൽകിയ തെരഞ്ഞെടുപ്പ് കേസും നിലവിലുണ്ട്. എന്നാൽ മുരളീധരൻ എംപിയാകുകയും, നിയമസഭാംഗത്വം രാജിവെക്കുകയും ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിച്ച നിയമോപദേശം.

Election Commission of India
Comments (0)
Add Comment