ആരോഗ്യവകുപ്പിന്‍റെ ഗുരുതരവീഴ്ച; ദേശീയ ആരോഗ്യമിഷന്‍ പദ്ധതിക്ക് കീഴിലുള്ള കേന്ദ്രസഹായം കേരളത്തിന് നഷ്ടമാകുന്നു

Jaihind News Bureau
Wednesday, April 8, 2020

 

തിരുവനന്തപുരം : സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ കെടുകാര്യസ്ഥതയുടെ മറ്റൊരു തെളിവ് കൂടി പുറത്ത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും സംസ്ഥാന വിഹിതം കൈമാറത്തതിനാലും ദേശീയ ആരോഗ്യ മിഷനു കീഴില്‍ കേരളത്തിന് രണ്ടാം ഗഡുവായി ലഭിക്കേണ്ടിയിരുന്ന കോടികളുടെ ധനസഹായം നഷ്ടമാകുമെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്‍റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ആരോഗ്യ വകുപ്പിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടാകത്തിനാലാണ് കേന്ദ്രആരോഗ്യമന്ത്രി തന്നെ നേരിട്ട് മുഖ്യമന്ത്രിക്ക് കത്തയയ്‌ക്കേണ്ട സാഹചര്യമുണ്ടായത്.  കേന്ദ്രം നല്‍കിയ ഒന്നാം ഗഡു തുക സംസ്ഥാനം വകമാറ്റി ചെലഴിച്ചോ എന്നുപോലും സംശയമുയര്‍ത്തുന്നതാണ് കേന്ദ്രത്തിന്‍റെ ഈ ഇടപെടല്‍.

സംസ്ഥാനങ്ങളിലെ ആരോഗ്യ പരിപാലനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് സാമ്പത്തിക,സാങ്കേതിക സഹായം ലഭ്യമാക്കാന്‍ കേന്ദ്രആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് ദേശീയ ആരോഗ്യ മിഷന്‍.  ഈ പദ്ധതിക്ക് കീഴില്‍ ലഭിക്കേണ്ട കോടികളുടെ കേന്ദ്രസഹായമാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നത്. എന്‍.എച്ച്.എമ്മിന് കീഴില്‍ 2019-20 സാമ്പത്തിക വര്‍ഷം കേരളത്തിന് 1076.48 കോടികയുടെ പദ്ധതിയാണ് അംഗീകരിച്ചത്. ഇതിന്റെ ആദ്യ ഗഡു തുക കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യ ഗഡുവിലെ തങ്ങളുടെ വിഹിതമായ 386.59 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.  കേന്ദ്ര വിഹിതം  സംസ്ഥാന സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് എന്‍.എച്ച്.എം സൊസൈറ്റിക്ക് കൈമാറിയിട്ടുമില്ല. സംസ്ഥാന സര്‍ക്കാര്‍ ആദ്യ ഗഡു കേന്ദ്രവിഹിതം വകമാറ്റി ചെലവഴിച്ചു എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഈ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി അരുണ്‍ സിന്‍ഹാള്‍ ഫെബ്രുവരി 14-ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിനും സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ കോബ്രയ്ക്കും കത്തയച്ചിരുന്നു. മിഷന് കീഴില്‍ രണ്ടാംഘട്ട ഫണ്ട് കേരളത്തിന് നല്‍കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ളതായിരുന്നു കത്ത്. രണ്ട് കാരണങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.  ആഗസ്റ്റ് 31 വരെയുള്ള പദ്ധതിയുടെ സംസ്ഥാന വിഹിതമായ 386.59 കോടി രൂപ ഇതുവരെ സംസ്ഥാനം ലഭ്യമാക്കിയിട്ടില്ല എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് 2018-19 സാമ്പത്തിക വര്‍ഷത്തേതില്‍ നിന്നും 2019-20 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ആരോഗ്യ ബജറ്റ് വെട്ടിക്കുറച്ചതാണ്. 0.24 ശതമാനത്തിന്‍റെ കുറവാണ് ബജറ്റില്‍ വരുത്തിയത്. മിഷന് കീഴില്‍ ധനസഹായം ലഭിക്കുന്നതിന് ആരോഗ്യ ബജറ്റില്‍ 10 ശതമാനത്തിന്‍റെ വര്‍ധനവ് ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ആരോഗ്യ ബജറ്റിലെ വര്‍ദ്ധനവിന്‍റെ ശരാശരി എടുത്താലും 10 ശതാമാനത്തില്‍ താഴെയാണെന്ന് കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 21 ഫെബ്രുവരി 2020-ന് മുമ്പ് നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മിഷന് കീഴിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളെ ബാധിക്കാത്ത രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാമെന്നും ഗൗരവം ഉള്‍ക്കൊണ്ട് ചീഫ് സെക്രട്ടറി ഇക്കാര്യങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കത്തിന്മേല്‍ ഒരു നടപടിയും സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ചില്ല.

തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സപെന്‍ഡിച്ചര്‍ (ഡി.ഒ.ഇ), റിക്കോര്‍ഡ് ഓപ് പ്രോസീഡിംഗ്‌സ് ( ആര്‍.ഒ.പി) എന്നിവ നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതതു കൊണ്ട് കേരളത്തിന് ദേശീയ ആരോഗ്യ മിഷന്‍ പദ്ധതിക്ക് കീഴില്‍ രണ്ടാം ഘട്ട കേന്ദ്രധനസഹായം നഷ്ടപ്പെടുമെന്ന് കത്തില്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി. കേന്ദ്രആരോഗ്യ സെക്രട്ടറി അയച്ച കത്തിലെ കാരണങ്ങള്‍ ഈ കത്തില്‍ കേന്ദ്രമന്ത്രിയും ചൂണ്ടിക്കാണിച്ചു. ഫെബ്രുവരി 14-ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പും ഡോ.ഹര്‍ഷ വര്‍ദ്ധന്‍ മുഖ്യമന്ത്രിക്കയച്ച കത്തിലൊനൊപ്പം ചേര്‍ത്തിട്ടുണ്ട്.   നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കേരളത്തിനുള്ള ധനസഹായം മികച്ച പ്രവര്‍ത്തനം നടത്തുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് വകമാറ്റേണ്ടിവരും. അതുകൊണ്ടുതന്നെ രണ്ടാം ഗഡു ധനസഹായം സ്വീകരിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ഉറപ്പു വരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേരള ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കണം-കത്തിലൂടെ ആദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അംഗീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമായ ധനസഹായം ചെലവഴിക്കാത്തതും, അര്‍ഹതപ്പെട്ട കേന്ദ്രസഹായം വാങ്ങിയെടുക്കാത്തതും ദരിദ്രരായ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ സേവനങ്ങളെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ഡോ.ഹര്‍ഷ വര്‍ദ്ധന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിന്‍റെ ഗൗരവവും പ്രാധാന്യവും കണക്കിലെടുത്ത് മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തണം.  അതിലൂടെ ജനങ്ങളുടെ ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാമെന്ന് പറഞ്ഞാണ് കേന്ദ്രമന്ത്രി കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ആവര്‍ത്തിച്ചുള്ള ഈ മുന്നറിയിപ്പുകള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അവഗണിക്കുകയായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ പടിപ്പുകേടിലേക്കും കെടുകാര്യസ്ഥതയിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്.