ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്. തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കം വിലയിരുത്താനായി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ കോൺഗ്രസ് അണിനിരത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ ചുമതലയുള്ളവർ മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. ഫെബ്രുവരി 20 നകം സഥാനാർഥി നിർണയം പൂർത്തിയാക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, മുതിർന്ന നേതാക്കളായ എ.കെ ആന്‍റണി, അഹമ്മദ് പട്ടേൽ എന്നിവരുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ എന്നിവരാണ് മുകുൾ വാസ്‌നിക്കുമായും മറ്റ് നേതാക്കളുമായും ചർച്ച നടത്തിയത്.
പ്രചാരണം, മാധ്യമം, ഏകോപനം, സ്ഥാനാർഥി നിർണയ കമ്മിറ്റികൾ ഈ മാസം പ്രഖ്യാപിക്കും. ഈമാസം 29ന് കേരളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും ഫെബ്രുവരി മൂന്നിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ് യാത്രയുടെ ഒരുക്കങ്ങളും അവലോകനം ചെയ്തു.