വാളയാര്‍ സഹോദരിമാർക്ക് നീതി ലഭിക്കണം : നിയമവകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച ദളിത് പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.  നിയമ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക്ചെയ്ത് ഹാക്കർമാരും പ്രതിഷേധം അറിയിച്ചു. കേരള സൈബർ വാരിയേഴ്സ് എന്ന സംഘമാണ് നിയമവകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ഹാക്കിംഗ്.

നിയമ വകുപ്പിന്‍റെ http://www.keralalawsect.org/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. നിലവില്‍ വെബ്സൈറ്റ് ഉപയോഗശൂന്യമാണ്. കേരള സൈബർ വാരിയേഴ്സിന്‍റെ ലോഗോയും ‘ഞങ്ങളുടെ സഹോദരിമാർക്ക് നീതി വേണം’ എന്ന സന്ദേശവുമാണ് വെബ്സൈറ്റ് തുറക്കുന്നവർക്ക് ഇപ്പോള്‍ കാണാനാവുക. ചില ബ്രൌസറുകളില്‍ ‘ഫൊർബിഡണ്‍’ എന്ന സന്ദേശമാണ് കാണാനാവുക. നിയമസംരക്ഷണത്തിനു വേണ്ടി ഒരു വകുപ്പ് ഇപ്പോഴും ഉണ്ടോയെന്നും ഹാക്കർമാർ ചോദിക്കുന്നു. മരിച്ചത് ഞങ്ങളുടെ സഹോദരങ്ങളാണ്. അവർക്കായി ഞങ്ങൾ സംസാരിക്കും. സംഭവത്തിൽ സർക്കാർ പുനഃരന്വേഷണം നടത്തണം. ഞങ്ങളുടെ സഹോദരിമാർക്ക് നീതി ലഭിക്കും വരെ ഞങ്ങൾ പോരാടും’ ഹാക്കർമാർ സന്ദേശത്തില്‍ പറയുന്നു.

കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം ആഭ്യന്തരവകുപ്പിന്‍റെ ഗുരുതര വീഴ്ചയാണെന്ന് ഇതിനോടകം ആരോപണമുയർന്നിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് കേസില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് ഇതിന് കാരണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുകയാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

HackersValayar Casecyber warriors
Comments (0)
Add Comment