ഭക്ഷ്യസുരക്ഷയില്‍ പിന്തള്ളപ്പെട്ട് കേരളം; രണ്ടാംസ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി

Jaihind Webdesk
Tuesday, December 20, 2022

ഭക്ഷ്യസുരക്ഷ സൂചികയില്‍  പിന്നോട്ട്  കേരളം .  കഴിഞ്ഞ തവണ വരെ രണ്ടാംസ്ഥാനത്ത് ഉണ്ടായ കേരളമാണ് ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.  82 പോയന്‍റോടെ തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്.  ഗുജറാത്ത് രണ്ടാം സ്ഥാനവും മഹാരാഷ്ട്രയും ഹിമാചല്‍ പ്രദേശും മൂന്നും നാലും സ്ഥാനവും നേടി. 18 വലിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യസുരക്ഷാ സൂചിക അവാർഡിലാണ് മൂന്ന് സ്ഥാനങ്ങള്‍ പിന്നിലായി കേരളം പിറകോട്ട് പോയത്.

ഭക്ഷ്യ-പരിശോധന,  അടിസ്ഥാന സൗകര്യങ്ങളുടെ  നിരീക്ഷണം, പരിശീലനവും ശേഷി വർദ്ധിപ്പിക്കലും,  ഉപഭോക്തൃ ശാക്തീകരണം  എന്നീ മേഖലകളിലും കേരളം പിന്നോട്ട് പോയി.  ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പദ്ധതി നിര്‍വഹണം, നിയമ ലംഘനങ്ങളുടെ പിഴ ഈടാക്കല്‍  എന്നിവയിലെ പ്രകടനവും മോശമായി.

വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ്  സംസ്ഥാന  ഭക്ഷ്യ സുരക്ഷാ സൂചിക അടിസ്ഥാനപ്പെടുത്തുന്നത്.  ഇതില്‍ 18 വലിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരളം രണ്ടാം സ്ഥാനത്തു നിന്നും ആറാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയത്.