തൊഴിലില്ലായ്മയില്‍ കേരളം നമ്പർ വൺ; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്

 

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് 31.8 ശതമാനമാണെന്ന് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ ഏറ്റവും കുറവ് ഡൽഹിയിലാണ്.

2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ കണക്കുകളാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ടത്. 15-നും 29-നും വയസിനിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. യുവാക്കളേക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതർ. സംസ്ഥാനത്ത് 15-നും 29-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍ രഹിതരാണ്. യുവാക്കളില്‍ 24.3 ശതമാനം പേർ തൊഴില്‍രഹിതര്‍ ആണെന്നും കേന്ദ്ര സര്‍വേ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായ ഡല്‍ഹിയിൽ 3.1 ശതമാനമാണ് തൊഴില്‍രഹിതർ.

22 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിലില്ലായ്മാ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടിലുള്ളത്. 2024 ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 17 ശതമാനം ആണ്. 2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇത് 16.5 ശതമാനം ആയിരുന്നു. 2023 ജനുവരി മുതൽ മാർച്ച് വരെ 17.3 ശതമാനം ആയിരുന്നു രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്.

Comments (0)
Add Comment