ദുബായ് : കേരളത്തില്‍ കൊവിഡ് രോഗികള്‍ പ്രതിദിനം ഏഴായിരവും കടന്ന് ഏറ്റവും രൂക്ഷമായ ഘട്ടത്തിലെത്തിയപ്പോള്‍, ക്വാറന്റൈന് നിയമത്തില്‍ ഇളവ് നല്കി കേരള സര്‍ക്കാര്‍ രംഗത്ത്. അതേസമയം ഗള്‍ഫിലെ വേനല്‍ സമയത്തെ സ്കൂള്‍ അവധിയെല്ലാം കഴിഞ്ഞ് സ്കൂള്‍ തുറന്ന ഘട്ടത്തിലെ ഈ ഇളവ് പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസകരമല്ലെന്നും പരാതിയുണ്ട്. എന്നിരുന്നാലും ക്വാറന്റൈന് 28 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നിന്നും ഏഴു ദിവസമാക്കി കുറച്ചത് ആശ്വാസം പകരുന്നതാണ്.
കേരളത്തില്‍ കൊവിഡ് രോഗം അത്രയ്ക്ക് രൂക്ഷമല്ലാതിരുന്ന മാസങ്ങളില്‍ ക്വാറന്റൈന് എന്നത് 14 മുതല്‍ 28 ദിവസം വരെയായിരുന്നു. ഇത് ഒരുപാട് പ്രവാസികളെ നാട്ടിലേക്കുള്ള യാത്രയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഏറ്റവൂം രൂക്ഷമായി എണ്ണായിരത്തിലേക്ക് അടക്കുമ്പോഴാണ് ക്വാറന്റൈന് ഏഴു ദിവസമാക്കി സംസ്ഥാന സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയത്. ഇത് ഫലത്തില്‍ ഗള്‍ഫ് മലയാളികള്‍ക്ക് ഒട്ടും ആശ്വാസം ആകില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസങ്ങളില്‍ എല്ലാം നാട്ടിലേക്കുള്ള വിമാനങ്ങളില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് വലിയ രീതിയില്‍ പടര്‍ന്നതോടെ നാട്ടിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാരും കുറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ക്വാറന്റൈനില്‍ നിയമത്തില്‍ കൂടുതല്‍ ഇളവ് നല്‍കിയത് . ഇത് പ്രവാസികളോടുള്ള അവഹേളനമായി സമൂഹ മാധ്യങ്ങളില്‍ ആക്ഷേപവും ചര്‍ച്ചയും ട്രോളും വ്യാപകമാകുകയാണ്.
വിദേശത്തുനിന്ന് കേരളത്തിലെത്തുന്നവര്‍ക്കും 7 ദിവസത്തെ ക്വാറന്റൈന് മതിയെന്ന് വ്യക്തത വരുത്തി കേരള സര്‍ക്കാരാണ് പുതിയ ഉത്തരവിറക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇറക്കിയ ആദ്യ ഉത്തരവില്‍ വിദേശത്തു നിന്നെത്തുന്നവരുടെ കാര്യം കൃത്യമായി പറഞ്ഞിരിന്നില്ല. ഇത് വലിയ രീതിയില്‍ വ്യക്തതക്കുറവുണ്ടായിരുന്നു. വിദേശത്തു നിന്നും എത്തുന്നവര്‍ ഏഴു ദിവസത്തിനുശേഷം പരിശോധന നടത്തി കൊവിഡ് ഇല്ലെന്നുറപ്പാക്കിയാല് ക്വാറന്റൈന് അവസാനിപ്പിക്കാമെന്നാണ് പുതിയ നിയമം. എന്നാലും അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം പകരാന്‍ ഇളവ് വഴിയൊരുക്കുമെന്ന് പ്രവാസികള്‍ കരുതുന്നു.