‘ഹെലികോപ്റ്റര്‍’ ദുരൂഹതയുടെ പുതിയ മാനത്ത് ; കേരളം ചെലവഴിക്കുന്നത് ഒന്നരക്കോടി, ഛത്തീസ്ഗഢില്‍ നിരക്ക് പകുതി മാത്രം

Jaihind News Bureau
Tuesday, December 3, 2019

ഹെലികോപ്റ്റര്‍ വിവാദത്തില്‍ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ തെളിവുകള്‍. കേരളം ഒന്നരക്കോടി മാസം തോറും മുടക്കാനുദ്ദേശിക്കുന്ന ഹെലികോപ്റ്റര്‍ സേവനം ഛത്തീസ്ഗഢ് സർക്കാര്‍ ലഭ്യമാക്കുന്നത് പകുതി നിരക്കിലാണ്. ഇത് സംസ്ഥാന സർക്കാരിന്‍റെ നീക്കത്തെ കൂടുതല്‍ ദുരൂഹമാക്കുന്നു. അമിത വില കൊടുത്താണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന രേഖകള്‍

ഒരു കോടി 44 ലക്ഷം രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ പവന്‍ ഹംസില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പോകുന്നത്. വെറും 20 മണിക്കൂര്‍ സര്‍വീസിനാണ് ഈ നിരക്ക്. അധിക സര്‍വീസിന് മണിക്കൂറിന് 67,926 രൂപ വെച്ചും നല്‍കണം. എന്നാല്‍ ഇതേ സൗകര്യങ്ങളുള്ള ഹെലികോപ്റ്റര്‍ അതീവ നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഢ് ഉപയോഗിക്കുന്നത് 85 ലക്ഷം രൂപ മാത്രം വാടക നല്‍കിയാണ്. അതും 25 മണിക്കൂറിന്. വിംഗ് ഏവിയേഷന്‍ എന്ന കമ്പനിയാണ് ചത്തീസ്ഗഢ് സര്‍ക്കാറിന് ഹെലികോപ്റ്റര്‍ സേവനം നല്‍കുന്നത്.

അതേസമയം വളരെ കുറഞ്ഞ തുകയില്‍ സർവീസ് വാഗ്ദാനം ചെയ്ത മറ്റൊരു കമ്പനിയെ മറികടന്നാണ് സര്‍ക്കാര്‍ ഈ ഉടമ്പടി ഉറപ്പിച്ചത് എന്നതും ദുരൂഹമാണ്. 56 ലക്ഷം രൂപയ്ക്ക് 46 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ രണ്ട് ഹെലികോപ്റ്റര്‍ നല്‍കാമെന്ന ശുപാര്‍ശയുമായി ചിപ്‌സാന്‍ ഏവിയേഷന്‍ എന്ന കമ്പനി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇത് മറികടന്നാണ് സര്‍ക്കാര്‍ ഒരു ഹെലികോപ്റ്റര്‍ മാത്രം നല്‍കുന്ന പവന്‍ ഹംസുമായി 1 കോടി 44 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരളാ പൊലീസാണ് പവന്‍ ഹാന്‍സ് വിമാനക്കമ്പനിയുമായി കരാറിലെത്തിയത്. കൂടിയ തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.