ന്യൂനമര്‍ദ്ദം തീവ്രമാകും; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ


കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനും മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം നവംബര്‍ 16-ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇവ രണ്ടിന്റെയും സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. നവംബര്‍ 14&17 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നു. തമിഴ്‌നാട്ടിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മഴ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. 13 ജില്ലകളില്‍ ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Comments (0)
Add Comment