ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ ഇങ്ങനെ

Jaihind Webdesk
Sunday, November 5, 2023


സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. അടുത്ത മൂന്നു ദിവസം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, ശക്തിപ്രാപിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ നവംബര്‍ എട്ടിന് ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. എട്ടാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇന്ന് അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.