ആരോഗ്യ രംഗത്ത് കേരളം ഏറെകാലമായി ചാമ്പ്യന്‍ സ്ഥാനത്ത്: സാം പിത്രോഡ

Jaihind News Bureau
Thursday, May 21, 2020

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടത്തിന് വര്‍ഷങ്ങളുടെ പാരമ്പര്യമെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധന്‍ സാം പിത്രോഡ. ഈ പാരമ്പര്യത്തിന്‍റെ പിന്‍ബലത്തില്‍ കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ കേരളത്തിന് ലോകത്തിന് തന്നെ മാതൃകയാകാന്‍ ഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡിന് ശേഷമുള്ള ഇന്ത്യ : വെല്ലുവിളികളും മുന്‍ഗണനകളും” എന്ന വിഷയത്തെ ആസ്പദമാക്കി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂുട്ട് ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്ത് കേരളം ഏറെ കാലമായി ചാമ്പ്യനാണ്. എന്നാല്‍ ഈ മാതൃക മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. പല മേഖലയിലും കേരളത്തിന് ലോകത്തിന് മാതൃകയാകാന്‍ കഴിയും. പുതിയ ആശയങ്ങളുടെ ലബോറട്ടറിയാകാന്‍ കേരളത്തിന് കഴിയണം. എന്തായിരിക്കണം പുതിയ ആശങ്ങളെന്നതാണ് ചോദ്യം. നിലവിലെ വെല്ലുവിളികള്‍ അവസാനിച്ച് പഴക്രമത്തിലേക്ക് മാറുക സധ്യമല്ല. കൂടുതല്‍ പങ്കാളിത്തം, സമത്വം, ഓഹരി എന്നിവയുള്ള പുതിയ ക്രമം ഉണ്ടാക്കുകയെന്നതാണ് ലോകത്തിന് മുന്നിലുള്ള വെല്ലുവിളി.

കേരളത്തിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിയും. അതിനുള്ള വൈദഗ്ധ്യം കേരളത്തിനുണ്ട്. എല്ലാ മതങ്ങളില്‍പ്പെട്ടവരും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷമുണ്ട്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ച, കഠിന പ്രയത്‌നം ചെയ്യുന്ന, പ്രതിജ്ഞാബദ്ധരായ പ്രവാസി സമൂഹവും കേരളത്തിന് കൈമുതലാണ്. ആര്‍.ജി.ഐ.ഡി.എസിന് വലിയ സംഭവാനകള്‍ ഇക്കാര്യത്തില്‍ നല്‍കാനാകും. അതിനായി ആര്‍.ജി.ഐ.ഡി.എസ് മുന്നോട്ടുവന്നാല്‍ തന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സാം പിത്രോഡ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 300 ദശലക്ഷം ഇന്ത്യാക്കാരെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരികയെന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

പാലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ എറെ ആശങ്കപ്പെടുത്തുന്നു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഭാര്യമാരും കുട്ടികളുമൊന്നിച്ച് വലിയ ബാഗുകളും പേറി റോഡിലൂടെ നടന്നു നീങ്ങുന്നത്. ശരിക്കും ഹൃദയ ഭേദകമാണ് കാഴ്ച. അടിസ്ഥാന ജനവിഭാഗങ്ങളാണ് നമ്മുടെ സാമ്പദ്ഘടനയുടെ അടിത്തറ. ആയിരക്കണക്കിന് വരുന്ന ഇവരാണ് നമ്മുടെ റോഡുകളും വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമൊക്കെ നിര്‍മ്മിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും. ഇവരുടെ ഇന്നത്തെ ദുരവസ്ഥ ഓരോ ഇന്ത്യാക്കാരനും നാണക്കേടുണ്ടാക്കുന്നതാണ്. ഈ കാഴ്ച്ചകള്‍ കാണുമ്പോള്‍ ഭാവിയെ കുറിച്ച് ആശങ്കകളുണ്ടാകുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 300 ദശലക്ഷം വരുന്ന ഇവരെ കുറിച്ച് ചിന്തിക്കുന്നതിന് കൊറോണ നമുക്ക് അവസരം ഒരുക്കി-സാം പിത്രോഡ പറഞ്ഞു.

പുതിയ അവസരങ്ങളുണ്ടാക്കാന്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. എല്ലാ നിര്‍മ്മാണവും ചൈന കേന്ദ്രീകൃതമാകുകയാണ്. ചൈനയെ മറികടക്കാന്‍ ആവശ്യം ഇന്ത്യന്‍ മോഡല്‍ വികസനമാണ്. ലോകത്തിന് തന്നെ ദിശ നഷ്ടപ്പെട്ടു. ഇപ്പോഴും ലോകബാങ്ക്, ഐ.എം.എഫ്, ജി.ഡി.പി, ജി.എന്‍.പി എന്നിവയൊക്കെ കേന്ദ്രീകരിച്ചാണ് വികസന ചര്‍ച്ചകള്‍. ഇതൊക്കെ 75 വര്‍ഷം മുമ്പ് വിഭാവനം ചെയ്തത വികസന മാതൃകകളാണ്. പുതിയ കാലഘട്ടത്തില്‍ ഈ മാതൃകകളൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലോകം പുനര്‍ രൂപകല്‍പ്പന ചെയ്യുന്നതിന് കുറിച്ച് ആലോചിക്കേണ്ട സമയമാണിത്.

കൊവിഡിന് ശേഷം രാജ്യം നേരിടുന്ന വെല്ലുവിളികള്‍ രാജ്യം ഒന്നാകെ ഏറ്റെടുക്കണമെന്ന് വെബിനാറില്‍ അധ്യക്ഷത വഹിച്ച ആര്‍. ജി.ഐ.ഡി.എസ് ചെയര്‍മാനും , സംസ്ഥാന പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ലോകത്താകെയുള്ള സ്ഥിതിഗതികള്‍ വളരെ മോശമാണ്, രാജ്യത്തും സ്ഥിതി ഗതി മറ്റൊരു തലത്തിലല്ല. സംസ്ഥാനത്തെ ആരോഗ്യ രംഗം കഴിഞ്ഞ 50 വര്‍ഷമായി മികച്ചതാണ്. അതിന്‍റെ നേട്ടമാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിഞ്ഞത്. വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് സംസ്ഥാനത്തിന് ഇരുട്ടടിയാണ് നല്‍കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം വിദേശത്ത് നിന്നും മടങ്ങി വരുന്നവരുടെ സഹായവും സംസ്ഥാനത്തിന് നഷ്ടമാകുന്ന അവസ്ഥയാണ്. ഈ രണ്ട് വെല്ലുവിളികളും സംസ്ഥാനം അതിജീവിച്ചേ മതിയാകൂയെന്നും, അതിനുള്ള ശേഷി സംസ്ഥാനത്തിനുണ്ടെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മോഡറേറ്ററായിരുന്ന വെബിനാറില്‍ ആര്‍. ജി.ഐ.ഡി.എസ് ഡയറക്ടര്‍ ബി.എസ്.ഷിജു സ്വാഗതം പറഞ്ഞു. എം. കെ. രാഘവന്‍ എംപി, എംഎല്‍എ മാരായ കെ.സി ജോസഫ് വി.ഡി സതീശന്‍, റോജി. എം. ജോണ്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കന്‍, പ്രൊഫ. മേരി ജോര്‍ജ്, പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.