മാവോയിസ്റ്റ് ഭീഷണി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം; വയനാട് കൊലപാതകത്തില്‍ കാനം രാജേന്ദ്രന് നാവിറങ്ങിപ്പോയോ: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, March 8, 2019

മാവോയിസ്റ്റ് ഭീഷണി തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണഗതിയില്‍ ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകമുണ്ടായാല്‍ സുപ്രീംകോടതിയുടെ ചില നിബന്ധനകളുണ്ട്. അത്തരം അന്വേഷണം നടക്കണം.തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം മാവോയിസ്റ്റ് ഭീഷണിയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നതുമായ സാഹചര്യം സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടുണ്ടാകുന്നതാണ്. വ്യാജ ഏറ്റുമുട്ടലെന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ ആരോപിച്ചതാണ്.

മാധ്യമങ്ങളും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനാല്‍ ഇതിന്റെ വസ്തുതകള്‍ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിച്ചുവരുന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു. പ്രതിപക്ഷ വിശ്വാസത്തിലെടുത്ത് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

രൂപേഷിനെയും ഷൈനയെയും പോലീസ് അറസ്റ്റ് ചെയ്തത് ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. അന്ന് വെടിവെയ്പ്പും കൊലപാതകവും ഒന്നും ഉണ്ടായില്ല എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നയം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.