ദുരന്തങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിക്കുമിടെ മുഖം മിനുക്കാന്‍ കേരള സർക്കാർ; ഭരണനേട്ടം തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും, 18 ലക്ഷം രൂപ അനുവദിച്ചു

 

തിരുവനന്തപുരം: ദുരന്തങ്ങൾക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുമിടെ മുഖം മിനുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാരിന്‍റെ നേട്ടങ്ങൾ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കാൻ തീരുമാനം. 18 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചു സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശിപ്പിക്കും. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രദര്‍ശിപ്പിക്കുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിയേറ്ററുകളിലാകും പ്രദര്‍ശനം. ഇതിനായി 18 ലക്ഷം രൂപ അനുവദിച്ചു.

സർക്കാരിന്‍റെ നേട്ടങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനായാണ് സർക്കാർ കരാറിലേർപ്പെട്ടത്. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇതിനായി 18 ലക്ഷം രൂപയും അനുവദിച്ചു. ദുരന്തങ്ങളും ദുരിതങ്ങളും കേരളത്തിൽ കണ്ണീർ വാർക്കുമ്പോഴാണ് സർക്കാർ അന്യസംസ്ഥാനങ്ങളിൽ നേട്ടങ്ങൾ പ്രദർശിപ്പിക്കുവാൻ കരാറിലേർപ്പെട്ടത്. സർക്കാരിന്‍റെ നേട്ടങ്ങൾ 5 സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി എന്നിവടങ്ങളിലെ നഗര മേഖലയിലെ തിയേറ്ററുകളിൽ ആണ് വീഡിയോ പ്രദർശിപ്പിക്കുക. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനായി സർക്കാർ തയാറാക്കി. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടയിൽ 18 ലക്ഷം രൂപ ഇതിനായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവും ഇറക്കി.

സാമ്പത്തിക പ്രതിസന്ധിയിൽ വികസന പ്രവർത്തനങ്ങൾ താളം തെറ്റുമ്പോഴും ഇല്ലാത്ത വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന് സർക്കാർ കോടികളാണ് പ്രതിവർഷം ചിലവഴിക്കുന്നത്. മഹാ ദുരന്തത്തിന്‍റെ നോവ് ഉണങ്ങും മുമ്പാണ് സർക്കാർ
അന്യസംസ്ഥാനങ്ങളിൽ വികസന നേട്ടം പ്രചരിപ്പിക്കുവാൻ ഒരുങ്ങുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തിന് മലയാളികൾ കൂടും കുടുക്കയുമുടച്ച് സംഭാവന നൽകുമ്പോൾ ഇല്ലാത്ത വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുവാൻ സർക്കാർ ഖജനാവ് ധൂർത്തടിക്കുകയാണ്.

Comments (0)
Add Comment