മോട്ടോർ വാഹന നിയമലംഘനത്തിലെ വന്‍പിഴ ഒഴിവാക്കാന്‍ ഭേദഗതിക്ക് സംസ്ഥാന സർക്കാർ നീക്കം

Jaihind Webdesk
Monday, September 9, 2019

മോട്ടോർ വാഹന നിയമ ലംഘനങ്ങള്‍ക്ക് വൻപിഴ ഒഴിവാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം. പിഴത്തുകയിലെ വന്‍ വർധനവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഭേദഗതിക്ക് സർക്കാര്‍ നീക്കം. പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്‍റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു.

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് പിഴ പലമടങ്ങുകളായി വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്രതീരുമാനം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാനാകുന്നത്. ഇതിന്‍റെ നിയമസാധ്യതയാണ് ഇപ്പോള്‍ തേടുന്നത്. ഓണനാളുകളിൽ പരിശോധന കർശനമാക്കിയേക്കില്ലെന്നാണ് വിവരം.

നിലവിലെ നിയമം കാര്യക്ഷമമായി നടപ്പാക്കാതെ വന്‍ തുക പിഴ ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. രാജസ്ഥാന്‍,  മധ്യപ്രദേശ്, ബംഗാള്‍, തമിഴ്‌നാട്  ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പുതിയ ഭേദഗതി നടപ്പിലാക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. പിഴത്തുക അടിച്ചേല്‍പിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.