അമിത ആസക്തിയുള്ളവർക്ക് മദ്യം; അബ്‌കാരി ചട്ടം ഭേദഗതി ചെയ്തു, വെയർഹൗസ് വഴി മദ്യം നൽകില്ലെന്ന് എക്സൈസ്

Jaihind News Bureau
Friday, April 24, 2020

അമിത ആസക്തിയുള്ളവർക്ക് മദ്യം നൽകുന്നതിന്‍റെ പേരിൽ സർക്കാർ അബ്കാരി ചട്ടം ഭേദഗതി ചെയ്തു. ഇനി മുതൽ വെയർഹൗസിൽ എത്തുന്നവർക്ക് മദ്യം നൽകാമെന്നാണ് നിയമ ഭേദഗതിയിൽ പറയുന്നത്. എന്നാൽ വെയർഹൗസ് വഴി മദ്യം നൽകില്ലെന്ന നിലപാടിലാണ് എക്‌സൈസ് വകുപ്പ്. പുതിയ ഭേദഗതിയിലൂടെ ഇനിമുതൽ മദ്യം വിതരണം ചെയ്യാൻ സർക്കാരിനു കഴിയും.

ബിവറേജസ് കോര്‍പറേഷന്‍ വെയര്‍ഹൗസില്‍ നിന്ന് ആവശ്യക്കാരന് മദ്യം നല്‍കാമെന്ന നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. ഇതിനായി അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാര്‍ച്ച്‌ 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി. നിയന്ത്രിതമായ അളവില്‍ മദ്യം നല്‍കാമെന്നാണ് തീരുമാനം.

നിയമ ഭേദഗതിക്ക് അനുസൃതമായി എങ്ങനെ മദ്യ വിതരണം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കടക്കം നേരത്തെ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നത് അബ്കാരി ആക്ടിലെ നേരത്തെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു. ആ നിയമത്തിലാണ് സര്‍ക്കാരിപ്പോള്‍ നിര്‍ണായകമായ ഭേദഗതി വരുത്തിയിരിക്കുന്നത്.

എഫ്‌എല്‍ 1, എഫ്‌എല്‍ 9 ലൈസന്‍സുകളുള്ള ഷോപ്പുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് മദ്യം നല്‍കാനാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. എഫ്‌എല്‍ 1 എന്നത് ബിവറേജസ് ഔട്ട്‌ലെറ്റുകളാണ്. എഫ്‌എല്‍ 9 ബിവറേജസിന്‍റെ വെയര്‍ഹൗസുകളാണ്. വെയര്‍ഹൗസുകളില്‍ നിന്ന് വ്യക്തികള്‍ക്ക് മദ്യം നല്‍കാന്‍ നിയമപരമായി ഇതുവരെ ആനുവാദമുണ്ടായിരുന്നില്ല. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ നൽകിയ ഹര്‍ജി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു.

teevandi enkile ennodu para