ബാറുകളിലെ കൗണ്ടർ വഴി മദ്യം പാഴ്‌സലായി നൽകാൻ നീക്കം; കൊവിഡിന്‍റെ മറവിൽ ബാർ ലോബിയെ സഹായിക്കാനൊരുങ്ങി സർക്കാർ

Jaihind News Bureau
Tuesday, March 24, 2020

 

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ പരിശോധന കർശനമാക്കണമെന്നും കൗണ്ടറുകൾ വഴി വിൽപ്പന അനുവദിക്കില്ലെന്നും എക്സൈസ് കമ്മിഷണർ വ്യക്തമാക്കുമ്പോഴും കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ മറവിൽ ബാർ ലോബിയെ സഹായിക്കാനൊരുങ്ങി സർക്കാർ.  നിലവിലെ അബ്കാരി നിയമം ബാറുകളിൽ പാഴ്സൽ വിൽപ്പനക്ക് അനുമതി നൽകാത്തതിനാൽ കൗണ്ടറുകൾ വഴി ബിവറേജസിന്‍റെ വിലക്ക് വിൽപ്പന നടത്താമെന്നാണ് ബാർ അസോസിയേഷൻ ഉടമകൾ സർക്കാരിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്.

സർക്കാരിനും ഇതിനോട് യോജിപ്പാണ്. ഇന്ന് രാത്രിയോടെ ഉത്തരവ് പുറത്തിറങ്ങും. ബെവ്കോ, ബിവറേജസ് ഒട്ടലെറ്റുകൾ മാത്രമാണ് നിലവിൽ മദ്യം പാഴ്സലായി നൽകുന്നത്. വരാൻ പോകുന്ന ഭേദഗതി ഉത്തരവ് താത്കാലികമാണോ എന്ന കാര്യത്തിൽ ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമേ വ്യക്തത ഉണ്ടാകൂ.

സംസ്ഥാനത്ത് കടുത്ത മദ്യാസക്തിയുള്ള ഭൂരിഭാഗം പേരും സാധാരണക്കാരാണ്. നിർമ്മാണമേഖലയടക്കം സ്തംഭിച്ച അവസ്ഥയിൽ ദിവസവേതനക്കാരുടെ കുടുംബങ്ങൾ എല്ലാം കടുത്ത പ്രതിസന്ധിയുമാണ് നേരിടുന്നത്. കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ പേരിൽ 800 ബാർ കൗണ്ടറുകൾ അടച്ചെങ്കിലും ബാർ ലോബിക്ക് വഴങ്ങി നിയമ ഭേദഗതി കൂടി വരുന്നതോടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക എന്ന കാര്യത്തില്‍ സംശയമില്ല.