എറണാകുളം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ബിജെപിയുടെ ഔദാര്യത്തിലെന്ന് കെപിസിസി
അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സംരക്ഷിച്ചു നിര്‍ത്തി. എപ്പോഴെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒരില അനക്കിയിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടും കേസൊന്നും പിണറായിയുടെ പേരില്‍ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കാലങ്ങളോളം ജയിലില്‍ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരറ്റവും മുഖ്യമന്ത്രിയിലേക്ക് അപ്പോഴും എത്തിയില്ല. ഈ സംരക്ഷണങ്ങള്‍ക്കുള്ള പ്രത്യുപകാരം ആണ് മുഖ്യമന്ത്രിയില്‍ നിന്നും സംഘപരിവാറിന് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ മുഖ്യമന്ത്രി ഇപ്പോള്‍ കേരളം ഭരിക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.