പ്രളയം: കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Jaihind Webdesk
Tuesday, August 13, 2019

കേരളത്തിലെ പ്രളയവും മണ്ണിടിച്ചിലും വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയുടെ
കത്ത്.  പ്രളയാനന്തര പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പ്രധാന ആവശ്യമായി ഉന്നയിക്കുന്നു.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഇതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും വരുന്ന നഷ്ടം കുറയ്ക്കാനാകുമെന്നും രാഹുല്‍ ഗാന്ധി കത്തിൽ വ്യക്തമാക്കുന്നു.

രണ്ട് ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി  പ്രളയബാധിതമേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്ടമായവര്‍ക്ക് സാന്ത്വനമാവുകയായിരുന്നു രാഹുല്‍ ഗാന്ധി. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ എല്ലാവിധ നഷ്ടപരിഹാരവും നേടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. ഇതിനായി കേന്ദ്രത്തില്‍ സമ്മർദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രപാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്.