കേരളത്തിൽ ഉണ്ടായ പ്രളയം മഹാദുരന്തമായത് മനുഷ്യനിർമിതമെന്ന് ആർ.ജി.ഐ.ഡി.എസ് നിയമിച്ച സമിതിയുടെ പഠന റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും, സമിതി അധ്യക്ഷനുമായ മൈക്കിൽ വേദശിരോമണി പ്രതിപക്ഷ നേതാവും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ രമേശ് ചെന്നിത്തലയ്ക്ക് റിപ്പോർട്ട് കൈമാറി.
ഡാമുകൾ പരമാവധി നിറഞ്ഞ സാഹചര്യത്തിൽ നിയന്ത്രിതമായി തുറന്നു വിടണമെന്ന വിദഗ്ധരുടേയും മാധ്യമങ്ങളുടെയും ആവശ്യം മുഖവിലയ്ക്കെടുക്കാതെ വൈദ്യുതി ഉത്പാദനം എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചപ്പോൾ ജലം നിയന്ത്രിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭരണികളുടെ ഷട്ടറുകൾ ഒരു നിയന്ത്രണവുമില്ലാതെ ഒന്നിച്ചു തുറന്നു വിട്ടു. ഇത് ദുരന്തവ്യാപ്തി വർധിപ്പിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഡാം മാനേജ്മെന്‍റ് അധികൃതർ, ജലസേചന അധികൃതർ, ജില്ലാ ഭരണകൂടം എന്നിവർ തമ്മിൽ അണക്കെട്ടുകൾ തുറക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള എകോപനവും ഉണ്ടായിട്ടില്ല.
റിപ്പോർട്ടും ബദൽ നിർദ്ദേശങ്ങളും സർക്കാരിന് നൽകുമെന്ന് ആർ.ജി.ഐ.ഡി.എസ്. ഡയറക്ടറും സമിതിയുടെ കൺവീനറുമായ ബി.എസ്.ഷിജു അറിയിച്ചു.
ചരിത്രത്തിൽ ആദ്യമായാണ് ഇടുക്കി അണക്കെട്ട് 90 ശതമാനവും നിറയുന്നതും കടുത്ത പ്രളയത്തിന് ഇടയാവുകയും ചെയ്തതെന്ന് സമിതി ചൂണ്ടിക്കാട്ടി. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി നേരിട്ട് വിവര ശേഖരണം നടത്തിയാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന മൈക്കിൽ വേദ ശിരോമണി, ഡോ. ഉമ്മൻ വി ഉമ്മൻ, മുൻ ശാസ്ത്രജ്ഞൻ ജോൺ മത്തായി, മുഹമ്മദലി റാവുത്തർ, ജലസേചന വകുപ്പ് മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തോമസ് വർഗീസ്, എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് പഠന റിപ്പോർട്ട് തയാറാക്കിയത്.
https://www.youtube.com/watch?v=xW2I7KHQ6lU