കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മാന്ദ്യം കേരളത്തിലും പിടിമുറുക്കുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ധനവകുപ്പിന്‍റെ കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ചരക്ക്-സേവന നികുതിയുടെ (ജി.എസ്.ടി.) പരിധിയിൽ വരാത്ത മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതി വരുമാനം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മാന്ദ്യം സംസ്ഥാനത്ത് പിടിമുറുക്കുന്നതിന്‍റെ സൂചന ആയാണ് സംസ്ഥാന ധനവകുപ്പ് ഇതിനെ വിലയിരുത്തുന്നത്. ദൈനംദിന ചെലവുകൾക്ക് പോലും റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി പണമെടുക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും ധനവകുപ്പിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പതിവ് ചെലവുകൾക്കുപുറമേ വായ്പയുടെ മുതൽ തിരിച്ചടച്ച ഇനത്തിൽ 2200 കോടി വകവച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് ധനവകുപ്പ് നല്‍കുന്ന വിശദീകരണമെങ്കിലും വരുമാന വളർച്ച ലക്ഷ്യമിട്ട് ആസൂത്രണംചെയ്ത ചെലവുകള്‍ നിയന്ത്രിക്കാനാകാത്തതും സര്‍ക്കാരിന്‍റെ അനിയന്ത്രിതമായ ധൂർത്തുമാണ് സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍. പലഘട്ടത്തിലും ട്രഷറി ഓവർ ഡ്രാഫ്റ്റിലായി, ഈ മാസം മാത്രം രണ്ടുദിവസം ഓവർ ഡ്രാഫ്റ്റിലായത് സ്ഥിതി അങ്ങേയറ്റം രൂക്ഷമാണെന്നതിന് ഉറപ്പേകുന്നു.
പണത്തിന് ഞെരുക്കമുള്ളപ്പോൾ ദൈനംദിനപ്രവർത്തനങ്ങൾക്ക് ‘വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ്’ എന്നനിലയിൽ റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതിൽക്കൂടുതലെടുത്താൽ ഓവർ ഡ്രാഫ്റ്റാവും. മുൻകൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കിൽ ട്രഷറി സ്തംഭിക്കുന്ന സാഹചര്യവും ഉയര്‍ന്നു വന്നേയ്ക്കാം.
എന്നാൽ, പരമാവധി അഞ്ചുദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ കഴിയുന്നുണ്ടെന്നും അതിനാല്‍ ട്രഷറി സ്തംഭിക്കുന്ന സാഹചര്യമില്ലെന്നുമാണ് ധനവകുപ്പ് നല്‍കുന്ന വിശദീകരണം.
സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ പ്രളയവും രാജ്യത്താകെയുള്ള മാന്ദ്യവും ജി.എസ്.ടി.യിലെ പ്രശ്നങ്ങളും ശമ്പള-പെൻഷന്‍ ഇനത്തിലെ ചെലവും പലിശച്ചെലവും എല്ലാം സാമ്പത്തിക പ്രതിസന്ധിക്കുപിന്നിലെ കാരണങ്ങളാകുമെങ്കിലും സംസ്ഥാന സര്‍ക്കാരിന് ഒഴിവാക്കാനാകുന്ന ഒട്ടേറെ അനാവശ്യ ചെലവുകള്‍ നിയന്ത്രണാതീതമാകുന്നത് ഭരണത്തിലെ കെടുകാര്യസ്ഥതിയിലേയ്ക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്.
റവന്യൂവരുമാനത്തിന്‍റെ ഭൂരിഭാഗവും ശമ്പള-പെൻഷന്‍, പലിശ ഇനങ്ങളില്‍ ചെലവാകും. ഇവ കുറയ്ക്കാനാകില്ല. എന്നാല്‍ സ്വജനപക്ഷപാതിത്വവും അഴിമതിയ്ക്കും കുടപിടിയ്ക്കാനായി പുതിയ തസ്തികകൾ സൃഷ്ടിച്ചും വന്‍ തോതില്‍ ഖജനാവ് ചോര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം..
ട്രഷറിയിൽ മുൻകാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്‍റെ വായ്പപരിധിയിൽ ഈ വർഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. 6000 കോടിരൂപയുടെ കുറവ് കേരളം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുനർനിർമാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജൻസികളിൽനിന്നെടുക്കുന്ന വായ്പകളും ഈ പരിധിയിൽ ഉൾപ്പെടുത്തിയാൽ പൊതുആവശ്യങ്ങൾക്ക് വായ്പയെടുക്കാനാവാതെ വരും. ആശങ്ക ഒഴിവാക്കാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കും.
ആറുമാസത്തെ ആകെ നികുതിവരുമാനം
(ഏപ്രിൽ-സെപ്‌റ്റംബർ)
2018-19 20344.14 കോടി
2019-20 20590.58 കോടി
മദ്യം, പെട്രോൾ, ഡീസൽ
2018-19 8395.64 കോടി
2019-20 7834.75 കോടി