വീട്ടില്‍ വീഞ്ഞുണ്ടാക്കിയാല്‍ അകത്താകും; അംഗീകാരമില്ലാത്തവര്‍ വില്‍ക്കരുത്

Jaihind Webdesk
Saturday, December 8, 2018

ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ വൈന്‍ കൊണ്ട് ആഘോഷമാക്കാന്‍ ഒരുങ്ങുന്നവര്‍ ശ്രദ്ധിക്കുക. വൈന്‍ വീട്ടിലുണ്ടാക്കിയാല്‍ പിടിവീഴും. ആള്‍ക്കഹോളിന്റെ അളവ് കുറഞ്ഞതോതിലെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ജാമ്യവും ലഭിക്കില്ല.
ക്രിസ്മസ് പുതുവര്‍ഷകാലങ്ങളിലെ വൈന്‍ ഉത്പാദനവും വില്‍പ്പനയും തടയാന്‍ എക്‌സൈസ് വകുപ്പ് കര്‍ശന നടപടികള്‍ക്കാണ് തയ്യാറെടുക്കുന്നത്. ജില്ലകള്‍ അധികരിച്ച് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. നിലവിലെ എക്‌സൈസ് നിയമപ്രകാരം ക്രൈസ്തവ സഭ്ക്ക് മാത്രമേ വൈന്‍ നിര്‍മ്മിക്കാന്‍ അനുമതിയുള്ളൂ. മാസ് വൈന്‍ ലൈസന്‍സാണ് സഭകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ വൈന്‍ തിരുകര്‍മ്മങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. പുറത്തു വില്‍ക്കരുത്.

സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരമുള്ള വിതരണക്കാര്‍ക്ക് മാത്രമേ വില്‍പ്പനയ്ക്ക് അവകാശമുള്ളൂ. ബേക്കറികളും ഷോപ്പിങ് മാളുകളും വൈന്‍ വില്‍ക്കരുത്. മദ്യത്തിന്റെ അതേ വിഭാഗത്തില്‍പ്പെടുന്ന ഉത്പന്നമായതിനാല്‍ വൈന്‍ അനുമതിയില്ലാതെ ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ കുറ്റമാണ്. ക്രിസ്മസ് കാലങ്ങളില്‍ വൈന്‍ ഉണ്ടാക്കുന്നതും കുടുംബശ്രീമേളകളിലും മറ്റും വില്‍ക്കുന്നതും നിയമ ലംഘനമാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കുന്നു.

ക്രിസ്മസ് മേളകളിലും മറ്റും അത്തരത്തില്‍ വൈന്‍ വില്‍പ്പന നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്താനും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ വഴി വൈനിന്റെ പരസ്യവും വില്‍പ്പനയും നിരോധിച്ചിരിക്കുകയാണ്. പരാതി ലഭിച്ചാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ശന നടപടികളെടുക്കും.