‘ഏഴുതവണ പരീക്ഷ എഴുതിയിട്ടും തോറ്റയാള്‍ പ്രിന്‍സിപ്പലായതുപോലെ’; കാനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്

Jaihind Webdesk
Thursday, September 16, 2021

 

ഇടതുമുന്നണിയിൽ സിപിഐ-കേരള കോൺഗ്രസ് പോര് കനക്കുന്നു. സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനത്തിന് മറുപടി കത്ത് നൽകി കേരള കോൺഗ്രസ് എം രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ സിപിഐ വോട്ടുകൾ മാറ്റി കുത്താൻ നിർദ്ദേശം നൽകിയത് നാട്ടിൽ പാട്ടാണെന്നും കത്തിൽ പറയുന്നു. കേരള കോൺഗ്രസിനെ സിപിഐ കുറ്റപ്പെടുത്തുന്നത് കാനം – ഇസ്മായിൽ പോര് മറച്ചുവെക്കാനാണെന്നും കത്തിൽ വിമർശനമുണ്ട്.

ഇടതുമുന്നണിയുടെ ലോക്സഭാ തെരെഞ്ഞെടുപ്പിലെ പ്രകടനവും നിയമസഭാ തെരെഞ്ഞെടുപ്പിലെ പ്രകടനവും വിശദീകരിച്ചായിരുന്നു സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനത്തിന് കേരള കോൺഗ്രസ് മറുപടി നല്‍കിയത്. കേരള കോൺഗ്രസിനെ എതിർക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഏഴുതവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവൻ ട്യൂട്ടോറിയൽ പ്രിൻസിപ്പലായി ആത്മസംതൃപ്തി അടയുന്നതിന് തുല്യമാണ് സിപിഐ വിലയിരുത്തലെന്നും കത്തില്‍ പറയുന്നു.

കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുത്.  കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐ വോട്ടുകൾ മാറ്റി കുത്താനുള്ള രഹസ്യ നിർദ്ദേശം നാട്ടിൽ പാട്ടാണ്. കേരള കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് കാനം – ഇസ്മായിൽ പോര് മറച്ചുവെക്കാൻ വേണ്ടിയാണെന്നും കത്തില്‍ പറയുന്നു. കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്‍റുമായ കെ.ജെ ദേവസ്യയാണ് കാനത്തിന് കത്തയച്ചത്.