കണ്ണൂർ ജില്ലയിൽ ഇത്തവണ സിപിഐക്ക് മത്സരിക്കാൻ സീറ്റുണ്ടാകുമോ എന്ന കാര്യത്തിലെ അനിശ്ചിതത്വം നീങ്ങിയില്ല. സിപിഐ യുടെ ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകാൻ ധാരണയായെങ്കിലും ജില്ലയിൽ പകരം സീറ്റുണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
പാർട്ടിയുടെ കേരള ഘടകം രൂപികരിച്ച ജില്ലയായതിനാൽ സി.പി.ഐക്ക് കണ്ണൂരിനോട് പ്രത്യേക അടുപ്പമുണ്ട്. ഇടതു മുന്നണിയുടെ ഭാഗമായി 30 വർഷത്തിന് ശേഷമാണ് 2011 ൽ കണ്ണൂർ ജില്ലയിൽ മത്സരിക്കാൻ സി.പി.ഐക്ക് ഒരു സീറ്റ് ലഭിക്കുന്നത്. യു.ഡി.എഫ് ശക്തികേന്ദ്രമായ ഇരിക്കൂറിൽ കെ.സി ജോസഫിനോട് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ പരാജയപ്പെട്ടു. 2016ൽ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി കെ.ടി ജോസും കെ.സി ജോസഫിനോട് തോറ്റു. ഇത്തവണ കേരള കോൺഗ്രസ് എം എൽ.ഡി.എഫിൻ്റെ ഭാഗമായതോടെയാണ് സി.പി.ഐ യുടെ സീറ്റ് സംബന്ധിച്ച കാര്യങ്ങൾ അനിശ്ചിതത്ത്വത്തിലായത്. ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ട് നൽകാൻ ധാരണയായതോടെ സിപിഐക്ക് സീറ്റ് ഇല്ലാത്ത അവസ്ഥയായി.
ഇരിക്കൂറിന് പകരം പേരാവൂർ സീറ്റ് എന്ന് എൽഡിഎഫിലെ ചർച്ചയിൽ ഉയർന്നുവന്നെങ്കിലും ഇതിൻ്റെ അന്തിമ തീരുമാനം ആയിട്ടില്ല. കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യമാണ് സിപിഐ യിൽ നിന്ന് ഉയരുന്നത്. എന്നാൽ കോൺഗ്രസ് എസിന് നൽകാനാണ് സി.പി.എം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുഗ്രഹാശിസുകളോടെ രാമചന്ദ്രൻ കടന്നപ്പള്ളി മണ്ഡലത്തിൽ പ്രചാരണത്തിൻ്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജയസാധ്യത ഇല്ലാത്ത പേരാവൂർ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ് സിപിഐക്കുള്ളത്. എന്നാൽ ഇതു സംബന്ധിച്ച തീരുമാനവും ഇതുവരെയായിട്ടില്ല. സംസ്ഥാനതലത്തിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാവുക എന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്.