വിട വാങ്ങിയത് പാലായുടെ മാണിക്യം…

Jaihind Webdesk
Tuesday, April 9, 2019

കെ.എം മാണിയുടെ നിര്യാണത്തോടെ രാഷ്ട്രീയ കേരളത്തിന്‍റെ പകരക്കാരനില്ലാത്ത അമരക്കാരനാണ് വിടവാങ്ങുന്നത്. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതു മുതല്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതു വരെയുള്ള റെക്കോര്‍ഡ് മാണിസാറിന്‍റെ പേരിലാണ്. ആരൊക്കെ വന്നു പോയാലും കെ.എം മാണി എന്ന നേതാവിന്‍റെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കും.

കരിങ്ങോഴയ്ക്കല്‍ മാണി, പാലാക്കാര്‍ അദ്ദേഹത്തെ മാണി സാര്‍ എന്ന് വിളിച്ചു. കേരളം മുഴുവന്‍ അതേറ്റുവിളിച്ചു. 1933 ജനുവരി 30ന് പാലാ മരങ്ങാട്ടുപള്ളിയില്‍ തൊമ്മന്‍ മാണിയുടേയും ഏലിയാമ്മയുടേയും മകനായി ജനനം. മദ്രാസ് ലോകോളേജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ കെ.എം മാണി 1955ല്‍ ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്‍റെ കീഴില്‍ അഭിഭാഷകനായി പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമാവുകയും 59ല്‍ കെ.പി.സി.സിയില്‍ അംഗമാവുകയും ചെയ്തു.

1964 മുതല്‍ കേരളാകോണ്‍ഗ്രസില്‍. 1975ലെ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ.എം മാണി ആദ്യമായി മന്ത്രിസ്ഥാനം അലങ്കരിക്കുന്നത്. പിന്നീടിങ്ങോട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ച് കെ.എം മാണി എന്ന നേതാവിന്‍റെ തേരോട്ടമായിരുന്നു. 1964ലാണ് പാലാ നിയമസഭാ മണ്ഡലം രൂപീകൃതമാകുന്നത്. 65 മുതല്‍ 13 തവണയും പരാജയമറിയിക്കാതെ സ്വന്തം മാണി സാറിനെ പാലാക്കാര്‍ നെഞ്ചോടു ചേര്‍ത്തു. ഒരു നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇത്രയേറെ തവണ വിജയം കൈവരിച്ച മറ്റൊരു നേതാവില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്‍റെ റെക്കോര്‍ഡ് 2003 ജൂണ്‍ 22 ന് മാണി സാര്‍ സ്വന്തം പേരിലാക്കി. 12 മന്ത്രിസഭകളില്‍ അംഗമായി. സി അച്ചുതമേനോന്‍ മന്തിസഭയിലും കെ കരുണാകരന്‍റെ നാല് മന്ത്രിസഭകളിലും എ.കെ ആന്‍റണിയുടെ മൂന്ന് മന്ത്രിസഭകളിലും പി.കെ.വി മന്ത്രിസഭയിലും നായനാര്‍ മന്ത്രിസഭയിലും കെ.എം മാണി അംഗമായിരുന്നു.

തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായി. ഏഴ് നിയമസഭകളില്‍ മന്ത്രിയാകാന്‍ അവസരം ലഭിച്ചു. ഏറ്റവും കൂടുതല്‍ കാലവും ഏറ്റവും കൂടുതല്‍ തവണയും നിയമസഭാംഗമായി. 51 വര്‍ഷത്തെ നിയമസഭാംഗമായുള്ള ജീവിതത്തില്‍ 12 തവണ ബജറ്റവതരിപ്പിച്ച മാണിസാറിനെ കടത്തിവെട്ടാന്‍ മറ്റൊരാളുണ്ടായിട്ടില്ല. അങ്ങനെ പരാജയമറിയാത്ത ജീവിതത്തില്‍ പരാതികളേതുമില്ലാതെ മാണിസാര്‍ യാത്രയായി. നഷ്ടം രാഷ്ട്രീയ കേരളത്തിന് മാത്രമല്ല. പാലാക്കാര്‍ക്കും കേരളീയ ജനസമൂഹത്തിനുമാണ്. ഇനി പരാതികള്‍ കേള്‍ക്കാന്‍ പാലായിലെ തറവാട്ടില്‍ മാണിസര്‍ ഇല്ലല്ലോ…