ഇടതു സർക്കാരിന്‍റെ അവസാന ബജറ്റിലും ഇടുക്കിയ്ക്ക് അവഗണന; പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം

Jaihind News Bureau
Tuesday, January 19, 2021

ഇടതു സർക്കാരിന്‍റെ അവസാന ബജറ്റിലും ഇടുക്കി ജില്ലയെ തുടർച്ചയായി അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തതിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടി ഒറ്റയ്ക്കും യു.ഡി.എഫുമായി ചേർന്നും ഇടതു വഞ്ചനക്കെതിരെ പോരാടുമെന്നും നേതാക്കൾ പറഞ്ഞു.

ഇടുക്കി ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയുന്ന യാതൊരു നിദ്ദേശങ്ങളും ബജറ്റിലില്ല. പട്ടയഭൂമിയിൽ കൃഷി അല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്ന നിയമം ഇടുക്കിയിലല്ലാതെ ഇന്ത്യയിലൊരിടത്തുമില്ല. ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിൽ ബഡ്ജറ്റ് മൗനം പാലിക്കുകയാണ്. ജില്ലയിലെ റോഡുകൾക്കും പദ്ധതികൾക്കും നൂറ് രൂപ ടോക്കൺ മാത്രം നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ.

കഴിഞ്ഞ ബഡ്ജറ്റിൽ 5000 കോടി പാക്കേജ് പ്രഖ്യാപിച്ച് തുക വകയിരുത്താതെ ഇടുക്കിക്കാരെ വഞ്ചിച്ചത് ആവർത്തിക്കാൻ അനുവദിക്കില്ല എന്നും ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും കേരളാ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.