കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല, മാറ്റി നിർത്തുക മാത്രമാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, July 1, 2020

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനമാണ് എടുത്തതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോൺഗ്രസ് യുഡിഎഫിന്‍റെ അഭിവാജ്യഘടകമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ജോസ് വിഭാഗത്തെ മാറ്റി നിർത്താൻ തീരുമാനിച്ചത്. എന്നാൽ അതിനർത്ഥം യുഡിഎഫിൽ നിന്ന് പുറത്താക്കി എന്നല്ലെന്നും യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ യോഗത്തിൽ തുടർന്ന് പങ്കെടുക്കാമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യുഡിഎഫ് യോഗം ചേർന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കന്‍റോൺമെന്‍റ് ഹൗസിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരത്ത് എത്താൻ കഴിയാത്ത നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെയാണ് പങ്കെടുത്തത്.