മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് തുടക്കം

മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. പ്രളയ പുനർനിർമാണ ഫണ്ട് ശേഖരണത്തിനായുളള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മാത്രമാണ് ഇപ്പോൾ വിദേശ യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് പ്രളയാനന്തര പുനർനിർമ്മാണ ഫണ്ട് സമാഹരണത്തിനുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശപര്യടനത്തിന് പൂട്ടുവീണത്. കേന്ദ്ര വിദേശകാര്യമന്ത്രാലയം ചീഫ് സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാഴ്ച മുമ്പ് സംസ്ഥാന സർക്കാർ അനുമതി തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് യു.എ.ഇ സന്ദർശനത്തിനുള്ള അനുമതി ലഭിച്ചിരുന്നത്. അതും കടുത്ത നിബന്ധനകളോടെയാണ് അനുമതി. 5000കോടിയെങ്കിലും വിദേശ പര്യടനത്തിലൂടെ സമാഹരിക്കുകയെന്ന സർക്കാർ ലക്ഷ്യത്തിന് പുതിയ സംഭവവികാസം തിരിച്ചടിയായി. വിദേശമലയാളികളിൽ നിന്നും സംഘടനകളിൽ നിന്നും ഫണ്ടുകളും ഭവനനിർമ്മാണസഹായങ്ങളും സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. ലോക കേരള സഭാംഗങ്ങളായ പ്രവാസികൾ ഏകോപനം നിർവഹിക്കാനും നിർദ്ദേശിച്ചിരുന്നു. പ്രവാസിസംഘടനകളുടെ ക്ഷണമനുസരിച്ചാണ് നയതന്ത്ര വിസയിൽ വിദേശപര്യടനത്തിന് മന്ത്രിമാർ അനുമതി തേടിയത്. എന്നാൽ സംഘടനകളിൽ ചിലത് രജിസ്ട്രേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചുള്ളവയല്ലെന്ന റിപ്പോർട്ട് എംബസികളിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് സൂചന. എന്നാൽ അംഗീകൃതസംഘടനകൾ തന്നെയാണ് ഭൂരിഭാഗം മന്ത്രിമാരെയും ക്ഷണിച്ചതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ മന്ത്രിസഭായോഗത്തിന് ശേഷം വിദേശപര്യടനത്തിനുള്ള മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചപ്പോൾ, ചിലരുടെ യാത്രയ്ക്ക് കാലതാമസം നേരിട്ടേക്കാമെന്ന സൂചന മുഖ്യമന്ത്രി നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. തുടർന്നാണ് അനുമതി നിഷേധിച്ചുവെന്നുള്ള വിവരം കേന്ദ്ര വിദേശമന്ത്രാലയം അറിയിച്ചത്. ഇതോടെ കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മന്ത്രിമാരുടെ വിദേശപര്യടനത്തിൽ മാറ്റം വരുത്താൻ സർക്കാർ നിർദ്ദേശിക്കാനാണ് സാധ്യത. അതേ സമയം മുഖ്യമന്ത്രിയുടെ വിദേശപര്യടനം മാറ്റിവയ്ക്കാൻ സാധ്യതയില്ല.

https://youtu.be/fdKU42J6GQA

pinarayi vijayan
Comments (0)
Add Comment