അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ തുകയില്ല : അനുമതി ലഭിക്കാത്ത കെ റെയിലിന് 2000 കോടി

Jaihind Webdesk
Friday, March 11, 2022

രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു. വിവിധ നികുതി നിര്‍ദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കുകയാണ് പുതിയ ബജറ്റിലൂടെ സർക്കാരിന്‍റെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചിലവ് ചുരുക്കൽ നയം സർക്കാരിനില്ല എന്ന് ആവർത്തിച്ചായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗം.

അത്രഭുത പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ട് നിൽക്കുന്നതായിരുന്നു
ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ് അവതരണം. വരവിലും കൂടുതൽ ചിലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി ഇക്കുറി അവതരിപ്പിച്ചത്. വിജ്ഞാനത്തെ ഉൽപാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ഉൾകൊള്ളിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം.

കേന്ദ്ര അനുമതി പോലും ലഭിക്കാത്ത കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക്, ജനകീയ പ്രതിഷേധങ്ങൾക്കിടയിലും, സംസ്ഥാന സർക്കാർ 2000 കോടി രൂപ നീക്കിവെക്കാൻ തയ്യാറായി.  മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെട്ട സർക്കാർ സ്വന്തമായി വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനും തയ്യാറെടുക്കുകയാണ്.

നികുതി സംബന്ധിച്ച പല കാര്യങ്ങളിലും  ഇളവുണ്ടായില്ലെന്ന് മാത്രമല്ല ഭൂമിയുടെ ന്യായവിലയിലും പഴയ വാഹനങ്ങളുടെ ഹരിത നികുതിയിലുമടക്കം വര്‍ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കുന്നത് വഴി 80 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് നികുതി വർധനവ് കാര്യമായി ബാധിക്കുക.

അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ തുക അനുവദിക്കാത്ത സർക്കാർ വ്യവസായ വാണിജ്യ താത്പര്യമാണ് ബജറ്റിൽ സംരക്ഷിക്കപ്പെട്ടത്. ഐ ടി പാർക്കുകൾ, ഇടനാഴികൾ, വ്യവസായ പാർക്കുകൾ എന്നി പ്രഖ്യാപനങ്ങളെല്ലാം നടത്തിയത് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ്.
നികുതി വർദ്ധിപ്പിച്ചാലും കടബാധ്യത പരിഹരിക്കാനാവില്ലെന്ന് സർക്കാരിന് വ്യക്തമായ ധാരണയുണ്ട്. അത് കൊണ്ട് തന്നെ പുതിയ ബജറ്റിൽ ഉണ്ടായ പ്രഖ്യാപനങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയേണ്ടി വരും.