തോമസ് ഐസക്കിന്‍റേത് ജനങ്ങളുടെ നെഞ്ചത്തടിക്കുന്ന ബജറ്റ്; വിലക്കയറ്റം രൂക്ഷമാകും; കുടുംബ ബജറ്റ് തകരും

Jaihind Webdesk
Thursday, January 31, 2019

Budget-Thomas-Isaac

തോമസ് ഐസക്കിന്‍റെ പത്താമത് ബജറ്റ് ജനങ്ങളുടെ നെഞ്ചത്തടിക്കുന്നതാണ്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പലതും വിലക്കയറ്റം രൂക്ഷമാകുന്നതിന് വഴിവയ്ക്കും ഒപ്പം ജനങ്ങളുടെ കുടുംബ ബജറ്റ് തകരുന്നതിനും കാരണമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍. നിര്‍മ്മാണ മേഖലയിലും മറ്റ് എല്ലാ മേഖലകളിലും ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ സാധാരണ ജനത്തിന്‍റെ ജീവിത ഭാരം കൂട്ടുന്നതാണ്.
സിമന്‍റിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വിനോദ നികുതിയും
വര്‍ദ്ധിക്കുന്നതോടെ അധിക വരുമാനം കണ്ടെത്താന്‍ കഴിയുമെങ്കിലും ഇതിന് സാധാരണ ജനത വന്‍ വില നല്‍കേണ്ടിവരും.

ജിഎസ്ടിയില്‍ ഒരു ശതമാനം പ്രളയനികുതി കൂടി ഏര്‍പ്പെടുത്തുമ്പോള്‍ 1200 കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ദ്ധിക്കും എന്നതാണ് മറ്റൊരു തിരിച്ചടി. പതിവ് പോലെ സ്വര്‍ണത്തിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ദ്ധിക്കും. നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായ വര്‍ദ്ധനയ്ക്ക് വഴിയൊരുക്കും. പ്രളയദുരിതം നേരിടുന്നതിനുള്ള പൊടിക്കൈയായാണ് നികുതി നിര്‍ദ്ദേശങ്ങള്‍ പലതും ധനമന്ത്രി പ്രഖ്യാപിച്ചതെങ്കിലും ചുരുക്കിപ്പറഞ്ഞാല്‍ തോമസ് ഐസക്കിന്‍റെ പത്താമത്തെ ബജറ്റ് കേരളത്തിന് സമ്മാനിച്ചത് വിലക്കയറ്റത്തിന്‍റെ പ്രളയമായിരികും.