ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു ജംഷഡ്പുർ എഫ്‌സിയെ നേരിടും.ഏഴു മത്സരങ്ങളിൽ നിന്നായി ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് സ്വന്തമായുള്ളത്. വൈകുന്നേരം ഏഴരയ്ക്ക് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ആറു മത്സരങ്ങൾക്കു ശേഷം സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു വീണ്ടും മത്സരത്തിനിറങ്ങുന്നു. ഈ സീസണിൽ കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ വിജയിച്ചതൊഴികെ ജയം എന്താണെന്നു ബ്ലാസ്റ്റേഴ്‌സ് അറിഞ്ഞിട്ടില്ല. അതിനൊരു അവസാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിജയത്തിൽ കുറഞ്ഞതൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നു ബ്ലാസ്റ്റേഴ്‌സ് കോച്ചും വ്യക്തമാക്കിക്കഴിഞ്ഞു. നിലവിൽ ഏഴ് കളികളിൽനിന്ന് ആറ് പോയിൻറുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പുർ അത്രയും മത്സരത്തിൽനിന്ന് 12 പോയിൻറുമായി നാലാം സ്ഥാനത്തും.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുന്നത്. അവസാനനിമിഷങ്ങളിൽ ഗോൾ വഴങ്ങുന്നതിൻറെ തലവേദന വേറെയും. ഗോവയ്ക്കും മുംബൈ സിറ്റിക്കുമെതിരേ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ കുരുങ്ങിയത് ഇങ്ങനെയായിരുന്നു. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറ് ഗോളടിച്ച ബ്ലാസ്റ്റേഴ്‌സ് എട്ടെണ്ണം വഴങ്ങി.
പ്ലേ മേക്കർ മരിയോ ആർക്കെസ് ഫിറ്റ്‌നസ് വീണ്ടെടുത്തു എന്നതാണ് ആകെയുള്ള സന്തോഷവാർത്ത. സൂപ്പർ സ്‌ട്രൈക്കർ സെർജിയോ കാസ്റ്റൽ ഇന്നു കളിക്കില്ല. കളിച്ച ആറ് കളികളിൽനിന്ന് അഞ്ച് ഗോളടിച്ച കാസ്റ്റലിൻറെ അഭാവം ജംഷഡ്പുർ നിരയിൽ നിഴലിക്കുമെന്ന് ഉറപ്പ്. മുൻ ബ്ലാസ്റ്റേഴ്‌സ് താരവും മലയാളിയുമായ സി.കെ. വിനീത് ആദ്യ ഇലവനിൽ ഉണ്ടാകും. തിരിച്ചുവരവിനായി ബ്ലാസ്റ്റേഴ്‌സും വിജയവഴിയിൽ തിരിച്ചെത്താൻ ജംഷഡ്പുരും ഇറങ്ങുമ്പോൾ കളി ആവേശമാകുമെന്നതിൽ തർക്കമില്ല.