തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സീറ്റുകള്‍ക്കായി ബി.ജെ.പിയില്‍ തമ്മിലടി രൂക്ഷമാവുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ മുരളീധര- കൃഷ്ണദാസ് പക്ഷങ്ങള്‍ തമ്മിലാണ് വിവിധ സീറ്റുകള്‍ക്കായി തര്‍ക്കം രൂക്ഷമാക്കി രംഗത്തു വന്നിട്ടുള്ളത്. രാജ്യവ്യാപകമായി തിരിച്ചടി ഭയക്കുന്ന ബി.ജെ.പി ദേശീയ നേതൃതവം ഇത്തവണ കേരളത്തില്‍ സീറ്റ് നേടണമെന്ന അന്ത്യശാസനം നല്‍കിയ അവസരത്തിലാണ് ഗ്രൂപ്പുകള്‍ തമ്മില്‍ ഇടച്ചില്‍ തുടരുന്നത്. തെരെഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്.എസിനും ഇതില്‍ അതൃപ്തിയുണ്ട്. നിലവില്‍ കൃഷ്ണദാസ് പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് തിരിച്ചടി നല്‍കണമെന്ന ആവശ്യവും മുരളീധരപക്ഷത്ത് സജീവമാണ്.
തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പി തന്നെ മത്സരിക്കണമെന്നും സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് വിട്ട് നല്‍കേണ്ടതില്ലെന്നുമാണ് ഇരുഗ്രൂപ്പുകളുടെയും ആവശ്യം്യ. ഈ നാലിടത്തും ഇരുപക്ഷവും അവകാശവാദവുമായി രംഗത്തുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ എവിടെയെങ്കിലും കെ.സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുരളീധരപക്ഷം മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാല്‍ ഈ ആവശ്യത്തോട് കൃഷ്ണദാസ് പക്ഷം മുഖം തിരിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ എ.എന്‍ രാധാകൃഷ്ണന്റെയും പത്തനംതിട്ടയില്‍ എം.ടിരമേശിന്റെയും പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടു വെയ്ക്കുന്നത്. തിരുവനന്തപുരത്ത് പൊതുസമ്മതനെ നിര്‍ത്തണമെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ തങ്ങള്‍ക്ക് വോട്ടു കൂടുതല്‍ നേടാവുന്ന മണ്ഡലങ്ങള്‍ നല്‍കുന്നതില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം വിമുഖത കാട്ടുന്നുവെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് മുരളീധരപക്ഷം വ്യക്തമാക്കുന്നത്. ശബരിമല സമരത്തിലടക്കം പങ്കെടുത്ത കെ.സുരേന്ദ്രനെ തൃശ്ശൂരിലടക്കം പരിഗണിച്ചില്ലെങ്കില്‍ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന നേതൃതവം കനത്ത വില നല്‍കേണ്ടി വരുമെന്നും മുരളീധരപക്ഷം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
നിലവില്‍ ബി.ഡി.ജെ.എസ് കണ്ണുവെച്ചിട്ടുള്ള ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങള്‍ വിട്ട് നല്‍കേണ്ടതില്ലെന്ന നിലപാടില്‍ ഗ്രൂപ്പുകള്‍ തുടരുമ്പോഴും തമ്മിലടി രൂക്ഷമായാല്‍ ഈ മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് വിട്ട് നല്‍കാനും സംസ്ഥാന നേതൃത്വം തയ്യാറായേക്കും. മറ്റ് 16 മണ്ഡലങ്ങളിലേക്കും ഇരുപക്ഷങ്ങളും വെവ്വേറെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇത് പരിഗണിച്ചുവേണം തീരുമാനമെടുക്കാനെന്ന ആവശ്യവും സംസ്ഥാന നേതൃത്വം തള്ളിയേക്കും. കൃഷ്ണദാസ് പക്ഷത്തോട് അടുപ്പം കാട്ടുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിലേക്ക് ദേശീയ നേതൃത്വത്തില്‍ രപവര്‍ത്തിക്കുന്നവരെ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച രശമവും നടത്തുന്നുണ്ട്. മുരളീധരപക്ഷത്തിന്റെ ആവശ്യങ്ങള്‍ അപ്പടി അംഗീകരിച്ചു കൊടുക്കുന്നതിനോട് ശ്രീധരന്‍ പിള്ളയ്ക്ക് യോജിപ്പില്ല. ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പില്‍ തന്റെ തോല്‍വിയുടെ ആക്കം കൂട്ടാന്‍ ആലപ്പുഴയിലെ ചില മുരളീധരപക്ഷനേതാക്കള്‍ ചരട് വലിച്ചെന്ന ആരോപണവും പിള്ള വിഭാഗം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ശബരിമല രാഷ്ട്രീയ സുവര്‍ണ്ണാവസരമാക്കി വോട്ട് നേടാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം തുടങ്ങിവെച്ച സമരത്തില്‍ മുരളീധരപക്ഷത്തെ മാറ്റി നിര്‍ത്തിയതും നേതാക്കള്‍ക്കിടയില്‍ ചേരിതിരിവിന് കാരണമായിട്ടുണ്ട്. ഇതോടെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടാനുള്ള ബി.ജെ.പിയുടെ തന്ത്രം പാളുമോയെന്ന ആശങ്കയാണ് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തിട്ടുള്ളത്.