കേരളബാങ്ക് രൂപീകരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേരള ബാങ്ക് രൂപീകരണത്തിനായി സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതിനെ ചെറുക്കാന്‍ കഴിയാതെ നാളെ നടത്താനിരുന്ന ജില്ലാ സഹകരണ ബാങ്ക് പൊതുയോഗങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാര്‍ നടരടി കേരള ബാങ്ക് രൂപീകരണത്തിന് കനത്ത തിരിച്ചടിയായെന്ന് സഹകരണ ജനാധിപത്യവേദി ചെയര്മാന് അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട സഹകരണ ജനാധിപത്യവേദിയുടെ നിരവധി ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുവാന്‍ കോടതി തുനിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ പൊതുയോഗങ്ങള്‍ നടത്തുന്നില്ലായെന്ന് കോടതിയില്‍ അറിയിച്ചത്. ബാങ്കുകളുടെ ലയനത്തിന് വേണ്ടിയുള്ള സ്കീം ഓഫ് അമാല്ഗമേഷന് വ്യവസ്ഥാപിതമായി തയാറാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ബാങ്കിംഗ് നിയമത്തിന്റെ നാല്പത്തിനാലാം വകുപ്പും കേരള സഹകരണ നിയമത്തിന്റെ പതിനാലാം വകുപ്പും പാലിക്കാതെ തയാറാക്കിയ സ്കീം റദ്ദ് ചെയ്യുമെന്ന് കോടതി അറിയിച്ചപ്പോഴാണ് സര്‍ക്കാര്‍ പൊതുയോഗ തീരുമാനം പിന്‍വലിച്ചത്.
ആര്.ബി.ഐയും നബാര്‍ഡും മുന്നോട്ടുവെച്ച 18 വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുയോഗത്തില്‍ പ്രവര്‍ത്തനക്ഷമമായ ഇതര വിഭാഗ സംഘങ്ങള്‍ക്കും അംഗത്വം നല്‍കണമെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടുകൂടി ലയന പ്രമേയം പാസാക്കണമെന്ന ഉത്തരവുകള്‍ പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുന്ന കേരള ബാങ്ക് രൂപീകരണ ശ്രമത്തെ ചെറുക്കാന്‍ തീരുമാനിച്ചത്. ഈ സംരംഭത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടു വന്ന യു.ഡി.എഫ് സഹകാരികള്‍ക്ക് കരകുളം കൃഷ്ണപിള്ള നന്ദി അറിയിച്ചു.